എണ്ണവില ബാരലിന് 36.06 ഡോളർ; പതിനൊന്ന് വർഷത്തെ ഏറ്റവും താഴ്ന്ന വില

വിയന്ന: അസംസ്കൃത എണ്ണയുടെ വില ബാരലിന് 36.06 ഡോളറിൽ എത്തി. നേരിയ മാറ്റം വന്ന് 36.56ലാണ് ഇപ്പോൾ വിപണി നടക്കുന്നത്. 2004 ജൂലൈക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് 36.06 ഡോളർ. 2008ൽ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടായ സമയത്തുപോലും എണ്ണക്ക് ഇത്ര വിലയിടിവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറ‍യുന്നു.

18 മാസങ്ങൾക്കുമുമ്പ്, 2014 ജൂണിൽ ബാരൽ എണ്ണക്ക് വിപണി വില 115 ഡോളറായിരുന്നു. യു.എസ് ക്രൂഡിൻെറ വിലയും തിങ്കളാഴ്ച താഴ്ന്നു. 34.17 ആണ് യു.എസ് ക്രൂഡിൻെറ വില. 2009ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്.

2008ൽ ബാരൽ ഓയിലിന് 36.20 ആയിരുന്നു വില. വില കുറയുന്നുണ്ടെങ്കിലും എണ്ണയുത്പാദനം കുറക്കേണ്ടതില്ലെന്ന് നേരത്തെ എണ്ണയുത്പാദക രാജ്യങ്ങൾ തീരുമാനമെടുത്തിരുന്നു. എണ്ണയുത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയുമാണ് തീരുമാനമെടുത്തത്. 30 മില്യൺ ബാരലുകൾ ദിനംപ്രതി ഉത്പാദിപ്പിക്കാനുള്ള തീരുമാനം നിലനിർത്താനാണ് ഒപെക് തീരുമാനിച്ചത്. 2011ലാണ് ഈ തീരുമാനമുണ്ടായത്.

അതേസമയം, ഇറക്കുമതി രാജ്യങ്ങൾക്ക് എണ്ണ വിലയിടിവ് ഗുണം ചെയ്യുമെങ്കിലും ലോക സാമ്പത്തിക രംഗത്ത് ഇത് ഏറെ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഉപരോധം നീങ്ങുന്നതോടെ അടുത്തവർഷം ഇറാനിൽ നിന്നുള്ള എണ്ണ അന്താരാഷ്ട്ര വിപണിയിൽ എത്തും. ഉപരോധം നീങ്ങിയാൽ എണ്ണയുത്പാദനം വർധിപ്പിക്കുമെന്ന്  നേരത്തെ തന്നെ ഇറാൻ വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.