വ്യാപാര കരാര്‍ വഴി കോഴിക്കാലും

ഇന്ത്യ വിദേശ വ്യാപാര കരാര്‍ കൂടുതല്‍ ഉദാരമാക്കിയെന്ന് വാര്‍ത്ത വരുമ്പോള്‍ മിക്കവരും ധരിക്കുന്നത് അത് വാഷിങ്ടണിലും ഡല്‍ഹിയിലുമുള്ള എന്തോ ഏര്‍പ്പാടാണ് എന്നാണ്. നമ്മെ അത് കാര്യമായി ബാധിക്കില്ളെന്നും മിക്കവരും ധരിക്കുന്നു. അതുകൊണ്ടുതന്നെ വായിച്ചുവിടാവുന്ന ഒരുവാര്‍ത്ത മാത്രമായാണ് മിക്കവരും ഇത്തരം കാര്യങ്ങളെ കാണുന്നതും. പക്ഷേ, അന്താരാഷ്ട്ര വാണിജ്യ കരാറുകളിലെ ഇളവുകള്‍ നമ്മുടെ അടുക്കള വഴി വയറ്റിലേക്കു വരെയാണ് കടന്നുവരുന്നത് എന്നതാണ് യാഥാര്‍ഥ്യം. തീര്‍ന്നില്ല, ഈ കരാറുവഴി തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ നമ്മുടെ തൊട്ടടുത്തുള്ള കച്ചവടക്കാര്‍ കൂടിയുണ്ടെന്നതാണ് യാഥാര്‍ഥ്യം. 
കോഴിക്കാലാണ് ഇനി ലോക വ്യാപാര സംഘടനയുടെ ചിറകിലേറി അമേരിക്കയില്‍നിന്ന് അടുക്കളവഴി കടന്നുവരാന്‍ ഒരുങ്ങിയതെന്നതാണ് വാണിജ്യ രംഗത്തുനിന്നുള്ള വാര്‍ത്തകള്‍. ലോകത്ത് ഏറ്റവുമധികം കോഴിയിറച്ചി ഉല്‍പാദിപ്പിക്കുന്ന രാജ്യം അമേരിക്കയാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിലായി ചൈന, ബ്രസില്‍ എന്നിവയുമുണ്ട്. പേടിക്കേണ്ട, ബ്രസീലിന് പിറകില്‍ നാലാം സ്ഥാനത്തായി ഇന്ത്യയുമുണ്ട്. 
35.4 ലക്ഷം ടണ്‍ കോഴി മാംസമാണ് ഇന്ത്യ ഉല്‍പാദിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ ഈ രംഗത്തും ആധുനികവത്കരണം നടപ്പാക്കിയിരിക്കുന്നതിനാല്‍, മുന്നിലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് പൗള്‍ട്രി ഫാമിങ് രംഗത്ത് ഏറ്റവുമധികം പേര്‍ ഉപജീവനം നടത്തുന്ന രാജ്യം ഇന്ത്യയാണ്. സംരംഭകരായും ജോലിക്കാരായും കച്ചവടക്കാരായും ലക്ഷങ്ങളാണ് കോഴിയിറച്ചിയില്‍ ഉപജീവനം കണ്ടത്തെിയിരിക്കുന്നത്. ഇവരുടെ നെഞ്ചില്‍ തീ കോരിയിട്ടാണ് അമേരിക്കന്‍ കോഴിക്കാല്‍ ഇന്ത്യയിലേക്ക് ‘വിസ’ തേടുന്നത്. 
എന്തുകൊണ്ട് ‘കോഴിക്കാല്‍’ എന്നാണ് ചിന്തിക്കുന്നതെങ്കില്‍ മറുപടി ഇതാ. ഇന്ത്യക്കാരാണ് കോഴിക്കാല്‍ കടിച്ചുവലിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. ആ സ്ഥാനത്ത് അമേരിക്കയില്‍ ചിക്കന്‍ ബ്രസ്റ്റിനാണ് താല്‍പര്യം. കാലിനോട് അവര്‍ക്ക് അത്ര പ്രിയംപോരാ. എന്നാല്‍, കോഴിക്കാല്‍ വെറുതെ കളയാന്‍ അമേരിക്കന്‍ ഉല്‍പാദകര്‍ തയാറല്ല. 
അവര്‍ അത് മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയക്കും. അത് മറ്റൊരു ബിസിനസ്, ‘ഫ്രോസണ്‍ ചിക്കന്‍ ലെഗ് എക്സ്പോര്‍ട്ട്’. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ജീവനുള്ള കോഴി കിലോക്ക് 140 രൂപ വരെയും കോഴയിറച്ചിക്ക് കിലോക്ക്  240 രൂപക്ക് മുകളിലുമാണ് വില. അമേരിക്കയില്‍നിന്നുള്ള ഫ്രോസണ്‍ ചിക്കന്‍ ലെഗ് ഇന്ത്യയിലത്തെിച്ച് സര്‍വ ചെലവും ഉള്‍പ്പെടുത്തി വില്‍പന നടത്തിയാലും കിലോക്ക് 100 രൂപയില്‍ താഴെയേ വരൂ. 
ഇന്ത്യന്‍ കോഴിയിറച്ചിയെക്കാള്‍ പകുതിയില്‍ താഴെ വില. ഹോട്ടലുകള്‍ ഉള്‍പ്പെടെ ഈ ‘ഓഫറില്‍’ ചാടിവീഴുമെന്ന് ഉറപ്പ്. ഈ ബിസിനസ് സാധ്യതയിലാണ് അമേരിക്കന്‍ പൗള്‍ട്രി ഫാം ഉടമകളുടെ കണ്ണ്. അമേരിക്കന്‍ കോഴിയിറച്ചി ഉല്‍പാദകര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇന്ത്യയിലേക്ക് കണ്ണുംനട്ട് കാത്തിരിപ്പാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകമാകെ പക്ഷിപ്പനി പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് അമേരിക്കയില്‍നിന്ന് ഉള്‍പ്പെടെയുള്ള കോഴിയിറച്ചി ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചത്്. ഈ നിരോധമാണ് ഇപ്പോഴും ഇന്ത്യയിലെ കോഴി കര്‍ഷകര്‍ക്ക് സഹായമായി നില്‍ക്കുന്നതും. 
എന്നാല്‍, അമേരിക്കയില്‍നിന്ന് കോഴി ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാത്തത് വ്യാപാര കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും ഇറക്കുമതി നിരോധം പിന്‍വലിക്കണമെന്ന ആവശ്യവുമായി ലോക വാണിജ്യ സംഘടന (ഡബ്ള്യൂ.ടി.ഒ) തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. 
മാസങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് ഇതുസംബന്ധിച്ച നിര്‍ദേശവും നല്‍കി. സമീപകാലത്ത് കേന്ദ്ര സര്‍ക്കാര്‍ വിദേശ നിക്ഷേപ-വാണിജ്യ നയത്തില്‍ കാര്യമായ ഇളവുകള്‍കൂടി വരുത്തിയതോടെ അമേരിക്കന്‍ കോഴിക്കാല്‍ വരവിന് സാധ്യത കൂടുതല്‍ തെളിയുകയും ചെയ്തു. അമേരിക്കന്‍ കോഴിക്കാലിന്‍െറ കടന്നുവരവ്  ഇന്ത്യന്‍ പൗള്‍ട്രി വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ബന്ധപ്പെട്ട മേഖലയില്‍ വ്യാപക ചര്‍ച്ചയായിക്കഴിഞ്ഞു. 
തങ്ങളുടെ ആശങ്ക രാജ്യത്തെ പൗള്‍ട്രി വ്യവസായികള്‍ ഇതിനകം കേന്ദ്ര സര്‍ക്കാറിനെ ധരിപ്പിക്കുകയും ചെയ്തു. ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ രംഗത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ആശങ്ക ഒഴിയുന്നില്ല. 
യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക തുടങ്ങി ഇരുപതോളം രാജ്യങ്ങള്‍ അമേരിക്കയില്‍നിന്ന് കോഴി ഇറക്കുമതി നിയന്ത്രിച്ചിട്ടുണ്ട്. ഈ രീതി ഇന്ത്യയും പിന്തുടരണമെന്നാണ് പൗള്‍ട്രി ഫാം ഉടമകളുടെ ആവശ്യം. എന്നാല്‍, അമേരിക്കന്‍ ഉല്‍പാദകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് ലോക വാണിജ്യ സംഘടനക്കുമേല്‍ കടുത്ത സമ്മര്‍ദമാണുള്ളത്. 
ഈ സാഹചര്യത്തില്‍  പ്രതിസന്ധി നേരിടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രാലയം രാജ്യത്തെ ഇറച്ചിക്കോഴി ഉല്‍പാദകരുടെ പ്രമുഖ സംഘടനകളുടെ യോഗം കഴിഞ്ഞയാഴ്ച വിളിച്ചിരുന്നു. 
അഭ്യന്തര ഉല്‍പാദകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ശക്തമായ നടപടി വേണമെന്ന് ആള്‍ ഇന്ത്യ പൗള്‍ട്രി ബ്രീഡേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ ആവശ്യപ്പെടുകയും ചെയ്തു. 
എന്നാല്‍, ലോക വ്യാപാര സംഘടനയുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് ആഭ്യന്തര വിപണിയില്‍ വിദേശ ഉല്‍പന്നങ്ങളുടെ വ്യാപാരം നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന് പരിമിതികളുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.