യാംബു: ഈത്തപ്പഴ കയറ്റുമതിയിൽ മുന്നേറ്റം തുടർന്ന് സൗദി അറേബ്യ. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പുറത്തുവിട്ട സ്ഥിതിവിവര റിപ്പോർട്ട് പ്രകാരം വലിയ മുന്നേറ്റമാണ് സമീപകാലത്തായി ഉണ്ടാക്കിയിരിക്കുന്നത്. അൽ ഖസീം പ്രവിശ്യയിൽനിന്ന് മാത്രം പ്രതിവർഷം ഉൽപാദിപ്പിക്കുന്നത് 3,90,000 ടണ്ണിലധികം ഈത്തപ്പഴങ്ങളാണ്. പ്രവിശ്യ ആസ്ഥാനമായ ബുറൈദയിൽനിന്ന് കയറ്റിയയക്കപ്പെടുന്നത് നൂറിലധികം രാജ്യങ്ങളിലേക്കാണ്.
ബുറൈദയിൽനിന്ന് ഈത്തപ്പഴം പാക്ക് ചെയ്ത് സൗദിയിലെ മറ്റ് നഗരങ്ങളിലേക്കും വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കനേഷ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ തുടങ്ങി നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. പ്രതിദിനം ടൺ കണക്കിന് ഈത്തപ്പഴം നിറച്ച ആയിരത്തിലധികം വാഹനങ്ങളാണ് ബുറൈദയിൽനിന്ന് പുറപ്പെടുന്നത്. എല്ലാവർഷവും ബുറൈദ പട്ടണം ആതിഥേയത്വം വഹിക്കുന്ന ഈത്തപ്പഴ ഉത്സവം മേഖലയിലെ ഏറ്റവും വലിയ വിപണനമേളയാണ്.
നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സും പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയവും ചേർന്നാണ് ഉത്സവം സംഘടിപ്പിക്കുന്നത്. 20 ലക്ഷത്തിലധികം ഈന്തപ്പനകൾ ബുറൈദയിലെ തോട്ടങ്ങളിലുണ്ട്.
രാജ്യത്തിനകത്തും പുറത്തുമുള്ള ഉപഭോക്താക്കൾ ആശ്രയിക്കുന്ന സുപ്രധാനമായ ഈത്തപ്പഴ സ്രോതസ്സാണ് ബുറൈദ. 50-ലധികം ഇനങ്ങളിലുള്ള ഈത്തപ്പഴം ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇൻറർനാഷനൽ ട്രേഡ് സെന്ററിന്റെ ‘ട്രേഡ് മാപ്’ അനുസരിച്ച് 2023ലെ രാജ്യത്തെ ഈത്തപ്പഴ കയറ്റുമതി 14 ശതമാനം വർധനയോടെ 1.462 ശതകോടി റിയാൽ മൂല്യത്തിലെത്തി.
‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നാണ് ഈത്തപ്പഴ കയറ്റുമതിയെ സുപ്രധാന വാണിജ്യ മേഖലകളിലൊന്നാക്കി മാറ്റുകയെന്നത്. ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ കയറ്റുമതി രാജ്യമായി സൗദിയെ മാറ്റാനുള്ള ശ്രമത്തിലാണ് കാർഷിക മന്ത്രാലയം. ഓരോ വർഷവും ഈത്തപ്പഴ കയറ്റുമതിയിൽ രാജ്യം കുതിച്ചുചാട്ടമാണ് നടത്തുന്നത്.
ചൈനയിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുയരലാണ് സമീപകാലത്തുണ്ടായത്. 2022-നേക്കാൾ 121 ശതമാനം വർധന 2023-ലുണ്ടായി. സിംഗപ്പൂരിലേക്ക് 86 ശതമാനവും കൊറിയയിലേക്ക് 24 ശതമാനവും ഫ്രാൻസിലേക്ക് 16 ശതമാനവും കയറ്റുമതിയിൽ വളർച്ചയുണ്ടായി. രാജ്യത്തെ ഈത്തപ്പഴ വിപണി മൂല്യം ഏകദേശം 750 കോടി റിയാലിലെത്തി.
കാർഷിക മൊത്ത ഉൽപാദനത്തിന്റെ 12 ശതമാനവും എണ്ണയിതര മൊത്ത ഉൽപാദനത്തിന്റെ 0.4 ശതമാനവും ഈത്തപ്പഴ വിപണിയുടെ സംഭാവനയാണ്. രാജ്യത്തെ ഈന്തപ്പനകളുടെ ഏകദേശ എണ്ണം 3.3 കോടിയായെന്നും കാർഷിക മന്ത്രാലയം വ്യക്തമാക്കി. ഇത് ലോകത്തിലെ മൊത്തം ഈന്തപ്പനകളുടെ 27 ശതമാനമാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.