അവധിക്കാലം വിമാനക്കമ്പനികള്‍ക്ക് കൊയ്ത്തുകാലം

വിമാനക്കമ്പനികള്‍ക്ക് വര്‍ഷത്തില്‍ എട്ടുമാസത്തോളം കൊയ്ത്തുകാലമാണ്. ഏപ്രില്‍ ആരംഭിക്കുമ്പോള്‍, ഇവിടെ നിന്ന് കുടുംബങ്ങള്‍ ഗള്‍ഫിലേക്ക് ഒഴുക്ക് തുടങ്ങും.
അവധിക്കാലത്ത് രണ്ടുമാസത്തേക്ക് ഭാര്യയെയും മക്കളെയും തങ്ങള്‍ക്കടുത്തേക്ക് കൊണ്ടുവരുന്നത് ശീലമാക്കിയ പ്രവാസികള്‍ ഏറെയാണ്. മെയ് അവസാനത്തോടെ അവര്‍ മടങ്ങുന്നത് മറ്റൊരു കൊയ്ത്തുകാലം. അപ്പോഴേക്ക് റമദാന്‍ തുടങ്ങിയതിനാല്‍, നോമ്പും പെരുന്നാളും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ ഒഴുക്ക് നാട്ടിലേക്ക് തുടങ്ങും.
പെരുന്നാള്‍ കഴിയുന്നതോടെ ഇവരുടെ മടക്കയാത്ര. അപ്പോഴേക്കും ഗള്‍ഫില്‍ വേനലവധി തുടങ്ങും. അതോടെ, കുടുംബ സമേതം കഴിയുന്ന പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര. ആഗസ്റ്റോടെ ഇവരുടെ മടക്കയാത്ര. സെപ്തംബറില്‍ ഓണമാലോഷിക്കാനുള്ള മലയാളികളുടെ ഒഴുക്കും തിരിച്ചൊഴുക്കും. ഇങ്ങനെ ആഘോഷങ്ങളും അവധികളും വിമാനക്കമ്പനികള്‍ക്ക് കൊയ്ത്തുകാലമാണ്. ഈ കാലത്താണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് നാലുമടങ്ങുവരെയായി ഉയര്‍ത്തുന്നതും. ദേശീയ വിമാന കമ്പനികള്‍ മാത്രമല്ല, വിദേശ വിമാന കമ്പനികള്‍ക്കും ഗള്‍ഫ് സെക്ടറില്‍ ഈ കാലം കൊയ്ത്തുകാലമാണ്. 2015 ല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധനവുണ്ടായതായി യു.എ.ഇയുടെ ദേശീയവിമാനകമ്പനിയായ ഇത്തിഹാദ് അവകാശപ്പെടുന്നത്. 2015ല്‍  അബുദബിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും 33 ലക്ഷം യാത്രക്കാരെയാണ് ഇത്തിഹാദിനു ലഭിച്ചത്. 2014 ല്‍ ഇത് 20 ലക്ഷമായിരുന്നു. യു.എ.ഇയില്‍ നിന്ന് തന്നെയുള്ള ബജറ്റ് എയര്‍ലൈനായ ഫൈ്ളദുബൈക്ക് 2015ല്‍  ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനവാണുണ്ടായത്. വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാരില്‍ 10.4 ശതമാനം ആശ്രയിക്കുന്നത് തങ്ങളെയാണെന്നാണ് യു.എ.ഇയില്‍ നിന്നുതന്നെയുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍െറ അവകാശവാദം.
എമിറേറ്റ്സിന്‍്റെ തിരുവനന്തപുരം - ദുബൈ സര്‍വീസ്  10 വര്‍ഷം പൂര്‍ത്തിയാക്കി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ,  20 ലക്ഷത്തിലേറെ പേര്‍ തിരുവനന്തപുരം- ദുബൈ റൂട്ടില്‍ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്തതായി ഇവര്‍ അവകാശപ്പെടുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.