ചൂട് കൂടുമ്പോള്‍ ഇവര്‍ക്ക് ഉള്ളില്‍ കുളിര് 

‘ഹായ് ചൂട്’ എന്നുപറയുന്നവര്‍ക്ക് കാശുകിട്ടുന്ന കാലമാണിത്.  എയര്‍ കണ്ടീഷനറുകളുടെ കച്ചവടക്കാരാണ് ഇതില്‍ മുന്നില്‍. ജൂണ്‍ മുതല്‍ ജനുവരിവരെയുള്ള മാസങ്ങളില്‍ ഗൃഹോപകരണ വില്‍പനശാലകളുടെ മൂലയില്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ കുത്തിയിരിക്കാനാണ് എയര്‍ കണ്ടീഷനറുകളുടെ വിധി. എന്നാല്‍, ഫെബ്രുവരിയാകുന്നതോടെ കഥമാറും. പിന്നെ, ജനസമ്പര്‍ക്ക പരിപാടിയിലെ മുഖ്യമന്ത്രിയെപ്പോലാകും. എപ്പോഴും ചുറ്റും ആള്. തൊട്ടുനോക്കല്‍, മാറിനിന്ന് ചര്‍ച്ച. ഫെബ്രുവരി ആദ്യവാരം മുതല്‍തന്നെ എയര്‍ കണ്ടീഷനറുകള്‍തേടി ആളുകള്‍ കാര്യമായി എത്തിത്തുടങ്ങി. ചൂട് ഒന്നുകൂടി വര്‍ധിക്കുന്നതോടെ, കാശും കീശയിലിട്ട് ഷോറൂമിന് മുന്നില്‍ മടിച്ചുനില്‍ക്കുന്നവരും അകത്തേക്ക് കയറും.  2015ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റൂം എയര്‍ കണ്ടീഷനറുകളുടെ വില്‍പനയില്‍ 10 ശതമാനത്തിന്‍െറ വളര്‍ച്ചയാണ് ഉണ്ടായത്. ഈ വര്‍ഷം നേരത്തേ  ചൂട് തുടങ്ങിയതിനാല്‍, 20 ശതമാനം വളര്‍ച്ച വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഓണം, ലോകകപ്പ് മത്സരങ്ങള്‍ എന്നിവ ഒഴിച്ചുനിര്‍ത്തിയാല്‍ ഗൃഹോപകരണ വിപണിയില്‍ കാര്യമായ ചലനങ്ങളുണ്ടാകുന്നത് എയര്‍കണ്ടീഷനറുകളുടെ വില്‍പന സീസണിലാണ്. 
കമ്പനികളും പുതിയ ഉല്‍പന്നങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സ്പ്ളിറ്റ് എ.സിയില്‍തന്നെ ഇന്‍വെര്‍ട്ടര്‍ എയര്‍കണ്ടീഷനറുകള്‍ക്കാണ് പ്രിയം. 2005 മുതല്‍ ഇന്‍വര്‍ട്ടര്‍ എയര്‍കണ്ടീഷനറുകള്‍ വിപണിയിലുണ്ടെങ്കിലും ഇടത്തരക്കാര്‍വരെ ഇത്തരം എ.സിക്കായി വരുന്നത് കഴിഞ്ഞ വര്‍ഷം മുതലാണ്. 
45,000 രൂപ മുതലാണ് ഇതിന്‍െറ വില. വൈദ്യുതി മുടങ്ങുമ്പോള്‍ വിയര്‍ത്തുകിടന്ന് ഉറങ്ങാനാവാത്തവരാണ് വില അല്‍പംകൂടിയാലും ഇന്‍വെര്‍ട്ടര്‍ എ.സിതന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്. ഇന്‍വെര്‍ട്ടര്‍ എ.സി വിപണിയില്‍ പ്രതിവര്‍ഷം 75 ശതമാനത്തിന്‍െറ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 
പുറമെ, സ്മാര്‍ട്ട് വൈ ഫൈ നെറ്റ്വര്‍ക്കിലും പ്രവര്‍ത്തിപ്പിക്കാവുന്ന എയര്‍കണ്ടീഷനറുകളും വിപണിയിലത്തെിയിട്ടുണ്ട്. പുതുതലമുറയില്‍പെട്ടവര്‍ എ.സി വാങ്ങാന്‍ വരുമ്പോഴാണ് വൈ-ഫൈയും മറ്റും പ്രത്യേക ആകര്‍ഷണമായി മാറുന്നത്. എയര്‍കണ്ടീഷന്‍ വില്‍പനയുടെ കാര്യത്തില്‍ ഓരോ കമ്പനിയും ശരാശരി 20 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നുമുണ്ട്.  നേരത്തേ, സംസ്ഥാനത്ത് ചൂട് 30-36 ഡിഗ്രി സെല്‍ഷ്യസ് ഒക്കെവരെയാണ് ഉയര്‍ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ 40 ഡിഗ്രിക്കടുത്തത്തെുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തില്‍, 50 ഡിഗ്രിസെല്‍ഷ്യസില്‍പോലും നിലക്കാതെ പ്രവര്‍ത്തിക്കുന്നതാണ് തങ്ങളുടെ ഉല്‍പന്നമെന്നാണ് ഒരു കമ്പനിയുടെ വാഗ്ദാനം. മറ്റൊരു കമ്പനിയാകട്ടെ, വോള്‍ട്ടേജ് വ്യതിയാനം തങ്ങളെ ബാധിക്കില്ളെന്നും പ്രഖ്യാപിക്കുന്നു. 
എയര്‍ കണ്ടീഷനറുകള്‍ സര്‍വ വ്യാപിയാകുന്നതോടെ, ഗുണനിലവാരത്തിന് മാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാറും രംഗത്തുണ്ട്. കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയാണ് (ബി.ഇ.ഇ) എയര്‍കണ്ടീഷനറുകള്‍ക്ക് റേറ്റിങ് നിശ്ചയിക്കുന്നത്. 
ഒരുമുറിയില്‍നിന്ന് വലിച്ചെടുക്കുന്ന ചൂടും അതിന് ചെലവഴിക്കേണ്ടിവരുന്ന ഊര്‍ജവും കണക്കാക്കിയാണ് റേറ്റിങ് നല്‍കുന്നത്. പുതിയ എയര്‍ കണ്ടീഷനറുകള്‍ പരിസ്ഥിതി സൗഹൃദമായിരിക്കണമെന്നും നിര്‍ദേശമുണ്ട്.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.