500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ച് ഒരു വർഷം പൂർത്തിയായിരിക്കുന്നു. നിരോധനത്തിന്‍റെ ഒന്നാം വാർഷികം ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് വേദിയായിരിക്കുകയാണ്. ഒന്നാം വാർഷികം കള്ളപ്പണ വിരുദ്ധ ദിനമായി കേന്ദ്രസർക്കാർ ആഘോഷിക്കുേമ്പാൾ കറുത്ത ദിനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ അഴിമതിയാണ് എൻ.ഡി.എ സർക്കാർ നടത്തിയതെന്നാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം. ഗുജറാത്തിലും ഹിമാചലിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയമായ വിഷയമായി ഉയർന്നിരിക്കുകയാണ് നോട്ട് നിരോധനം.
ഗുജറാത്തിൽ വികസനത്തിന് ഭ്രാന്തായി എന്ന പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. ഇതിന് ശക്തി പകരാൻ അവർ ഉപയോഗിക്കുന്നത് ജി.എസ്.ടിയും നോട്ട് നിരോധനവുമാണ്. നോട്ട് നിരോധിക്കാനും ജി.എസ്.ടി നടപ്പിലാക്കാനുമുള്ള മോദി സർക്കാറിന്‍റെ തീരുമാനം രാജ്യത്ത് ഉണ്ടാക്കിയ ഗുരുതര പ്രത്യാഘാതങ്ങളെ കുറിച്ച് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വേദികളിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾ നിരന്തരമായി പ്രസംഗിക്കുന്നു. എന്നാൽ, പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ പലപ്പോഴും മോദിക്കും കൂട്ടർക്കും കഴിയുന്നില്ല.
നോട്ട് നിരോധനത്തെ എതിർത്ത് ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പിയിലെ നേതാക്കളും പാർട്ടിയുടെ പോഷക സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു. ഭാരതീയ മസ്ദൂർ സംഘ്, ഭാരതീയ കിസാൻ സംഘ് പോലുള്ള സംഘടനകൾ തീരുമാനത്തെ നേരിട്ട് എതിർക്കുന്നില്ലെങ്കിലും സമ്പദ്വ്യവസ്ഥയിലെ വളർച്ച ഇപ്പോൾ കുറവാണെന്ന് സമ്മതിക്കുന്നു. നോട്ട് നിരോധനം പാളിച്ചകളെ കുറിച്ച് പറയാതെ പറയുകയാണ് ഇതിലൂടെ ഇവർ ചെയ്യുന്നത്. അതേസമയം, അരുൺ ഷൂരി ഉൾപ്പടെയുള്ള നേതാക്കൾ നോട്ട് നിരോധനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
നോട്ട് നിരോധനം നിലവിൽ വന്ന ആദ്യ ദിവസങ്ങളും മോദിക്ക് അനുകൂലമായി ഒരു തരംഗം ഉണ്ടായിരുന്നു. ആദ്യം കുറച്ച് ബുദ്ധിമുട്ടിയാലും രാജ്യത്തെ സമ്പദ്വ്യവസ്ഥ ശുദ്ധീകരിക്കപ്പെടുമെന്നായിരുന്നു പലരും ചിന്തിച്ചിരുന്നത്. എന്നാൽ, ദിവസങ്ങൾക്കകം തന്നെ സ്ഥിതിഗതികളിൽ മാറ്റമുണ്ടായി. നോട്ട് മാറാനായി നീണ്ടനിര എല്ലാ ബാങ്കുകൾക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാതെ ജനം നോട്ടിനായി നെേട്ടാട്ടമോടി. ഇതോടെ സ്ഥിതി പന്തിയല്ലെന്ന കണ്ട മോദി പൊതുവേദിയിൽ കരഞ്ഞ് കൊണ്ട് പ്രത്യക്ഷപ്പെട്ട് കാര്യങ്ങൾ ശരിയാക്കാൻ തനിക്ക് അമ്പത് ദിവസത്തെ സമയം തരണമെന്ന് അഭ്യർഥിച്ചു. അമ്പത് ദിവസത്തിനപ്പുറം സമ്പദ്വ്യവസ്ഥ പഴയ സ്ഥിതിയിലേക്ക് എത്തിയില്ലെങ്കിൽ നിങ്ങൾക്കെന്നെ തൂക്കിലേറ്റാം ഇതായിരുന്നു മോദിയുടെ വാഗ്ദാനം. പക്ഷേ അമ്പതല്ല വർഷം ഒന്നു കഴിഞ്ഞിട്ടും നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതം സമ്പദ്വ്യവസ്ഥയിൽ നിന്ന് പൂർണമായും ഒഴിവായിട്ടില്ല.
നോട്ട് നിരോധനത്തിന് ശേഷം നടന്ന യു.പി തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചത് മോദിയുടെ ആത്മവിശ്വാസം ഉയർത്താൻ പോന്നതായിരുന്നു. എന്നാൽ, യു.പിയിലെ തെരഞ്ഞെടുപ്പിൽ രാജ്യത്തെ സാമ്പത്തിക രംഗത്ത് ബാധിച്ചിരിക്കുന്ന കാൻസറിനെ തുറന്ന് കാട്ടുന്നതിൽ പ്രതിപക്ഷം വിജയിച്ചില്ലെന്ന് വേണം വിലയിരുത്താൻ. ഇതിനുമപ്പുറം വർഗീയ അജണ്ടകളാണ് യു.പിയിലെ വിധി നിർണിയിച്ചത്. എന്നാൽ, ഒന്നാം നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാർഷകത്തോട് അനുബന്ധിച്ച് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും ചർച്ച വിഷയം സർക്കാറിന്‍റെ ഇൗ തീരുമാനമാണ്. ഗുജറാത്തിലും ഹിമാചലിലും ഇപ്പോൾ സജീവ ചർച്ച വിഷയം നോട്ട് നിരോധനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.