മുംബൈ: രാജ്യത്തെ നൂറു കോടിയിലേറെ മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി കാൾനിരക്കും ഇൻറർനെറ്റ് ഡേറ്റ ചാർജും സ്വകാര്യ ടെലികോം കമ്പനികൾ കുത്തനെ കൂട്ടി. ഏറ്റവുമധികം മൊബൈൽ ഉപഭോക്താക്കളുള്ള മുകേഷ് അംബാനിയുടെ റിലയൻസ് ജിേയാ 40 ശതമാനം വരെ നിരക്ക് വർധിപ്പിച്ചപ്പോൾ വോഡഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നീ കമ്പനികൾ 50 ശതമാനം വരെയും വർധന വരുത്തി. വോഡഫോൺ-ഐഡിയ, എയർടെൽ നിരക്കുകൾ ഈ മാസം മൂന്നു മുതലും ജിയോയുടേത് ആറു മുതലും പ്രാബല്യത്തിലാകും. ഇതോടെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ രാജ്യത്ത് നിലനിന്ന ഏറ്റവും കുറഞ്ഞ കാൾ നിരക്കിനും ഡേറ്റ ചാർജിനുമാണ് വിരാമമാകുന്നത്. അഞ്ചുവർഷത്തിനിടെ ആദ്യമായാണ് നിരക്കുവർധന.
പാദവർഷനഷ്ടം കുമിഞ്ഞുകൂടിയതാണ് വോഡഫോൺ-ഐഡിയ, എയർടെൽ കമ്പനികളെ നിരക്കുവർധനക്ക് പ്രേരിപ്പിച്ചത്. ഞായറാഴ്ച ഈ കമ്പനികൾ നിരക്ക് കൂട്ടിയതിനു പിന്നാലെ ജിയോയും വർധന പ്രഖ്യാപിച്ചു. മൂന്നു കമ്പനികൾക്കുംകൂടി രാജ്യത്ത് 118 കോടി മൊബൈൽ ഉപയോക്താക്കളുണ്ട്. ഓരോ കമ്പനിക്കും 30 ശതമാനം വീതം വിപണിവിഹിതവും.
പുതിയ പ്ലാനുകൾ ഡിസംബർ മൂന്നിന് അർധരാത്രി മുതൽ ലഭ്യമാകുമെന്ന് വോഡഫോൺ-ഐഡിയ അറിയിച്ചപ്പോൾ പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെ വർധിക്കുന്ന ഡേറ്റ/കാൾ പ്ലാനുകളാണ് എയർടെല്ലിേൻറതെന്ന് കമ്പനി വ്യക്തമാക്കി. 28 ദിവസത്തെ 249 രൂപയുടെ എയർടെൽ പ്ലാൻ 298 രൂപയായും 82 ദിവസത്തെ 448 രൂപയുടെ പ്ലാൻ 598 രൂപയായും വർധിക്കുമെന്നും മിനിമം റീചാർജ് തുക 35 രൂപയിൽനിന്ന് 49 രൂപയാകുമെന്നും കമ്പനി അറിയിച്ചു.
മുമ്പത്തേക്കാൾ 300 ശതമാനം നേട്ടങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ‘ഓൾ ഇൻ വൺ’ പ്ലാനാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 36 കോടിയോളം ഉപഭോക്താക്കളാണ് ജിയോക്കുള്ളത്. സാമ്പത്തികവർഷത്തിെൻറ രണ്ടാം പാദത്തിൽ വോഡഫോൺ-ഐഡിയ 50,922 കോടിയും എയർടെൽ 23,045 കോടിയും നഷ്ടം രേഖപ്പെടുത്തിയിരുന്നു. അതേസമയം, 1.17 ലക്ഷം കോടിയാണ് വോഡഫോൺ-ഐഡിയയുടെ മൊത്തം കടബാധ്യത.
റിലയൻസ് ജിയോയുടെ വരവും തുടക്കത്തിൽ നൽകിയ സൗജന്യ ഡേറ്റ/കാൾ ചാർജ് പ്ലാനുകളുമാണ് ആദിത്യ ബിർല ഗ്രൂപ്പിനു കീഴിലെ ഐഡിയ, ബ്രിട്ടീഷ് കമ്പനിയായ വോഡഫോൺ, സുനിൽ മിത്തലിെൻറ എയർടെൽ എന്നിവയെ വൻ കടക്കെണിയിലാക്കിയത്. ജിയോയെ നേരിടാൻ പിന്നീട് ഐഡിയയും വോഡഫോണും ലയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.