എന്താവും ധനമന്ത്രിയുടെ പെട്ടിയില്‍​?

ഇക്കുറി കേന്ദ്ര ബജറ്റിന് കാര്യമായ പ്രത്യേകതകളുണ്ട്.ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുകയും അതിനെക്കാള്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ട് വിപണിയിലിറക്കുകയും ചെയ്തശേഷമുള്ള ആദ്യ ബജറ്റ്, ജി.എസ്.ടി അംഗീകരിച്ചശേഷമുള്ള ആദ്യ ബജറ്റ്, അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന ‘മിനി ഇന്ത്യ തെരഞ്ഞെടുപ്പ്’ പ്രചാരണത്തിന് നടുവിലുള്ള ബജറ്റ്, പണരഹിത ഇടപാടുകള്‍ മുഖ്യലക്ഷ്യമായ ഡിജിറ്റല്‍ ഇക്കോണമി യാഥാര്‍ഥ്യമാക്കാനുള്ള ബജറ്റ് ഇങ്ങനെ നീളും പ്രത്യേകതകള്‍.

ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രിയുടെ മാന്ത്രികപ്പെട്ടിയില്‍ തങ്ങള്‍ക്കായി എന്ത് കരുതിവെച്ചിട്ടുണ്ട് എന്ന ചര്‍ച്ച ഓരോ മേഖലയിലുമുണ്ട്. ആദായനികുതിയില്‍ എന്ത് ഇളവുണ്ടാകുമെന്ന ചര്‍ച്ചയാണ് ശമ്പളക്കാരായ മധ്യവര്‍ഗക്കാര്‍ക്കിടയില്‍.മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍പെടുത്തി തങ്ങള്‍ക്ക് എന്തുകിട്ടുമെന്ന ചര്‍ച്ചയിലാണ് വ്യവസായലോകം. ഏകീകൃത നികുതി നിര്‍ദേശങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന ആകാംക്ഷയിലാണ് വാണിജ്യലോകം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കരുതി എന്ത് മാന്ത്രികവിദ്യകളുണ്ടാകുമെന്ന ചര്‍ച്ചയിലാണ് രാഷ്ട്രീയവൃത്തങ്ങള്‍.വിവിധ വ്യവസായ കൂട്ടായ്മകളും വാണിജ്യ കൂട്ടായ്മകളുമെല്ലാം ബജറ്റ് പ്രതീക്ഷകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഉയര്‍ന്നുവന്ന പ്രതീക്ഷകള്‍ ഇങ്ങനെ

താങ്ങാവുമോ തളര്‍ച്ചയില്‍?

വിവിധ രംഗങ്ങളിലുള്ള നിര്‍മാണമേഖല ഏറെ ഇളവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. നോട്ട് പ്രതിസന്ധി കാരണം നിര്‍മാണരംഗത്ത് തളര്‍ച്ച പ്രകടമാണ്. ഇത് മറികടക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് വ്യവസായ ലോകം പ്രതീക്ഷിക്കുന്നത്.

ഇതിനായി ഉപഭോഗം വര്‍ധിപ്പിക്കാനും ഓഹരി  നിക്ഷേപമടക്കം വര്‍ധിപ്പിക്കാനും പദ്ധതികള്‍ വേണമെന്ന ആവശ്യം വ്യവസായലോകം ഉന്നയിച്ചിട്ടുണ്ട്. ജനങ്ങളില്‍ നിക്ഷേപ താല്‍പര്യം വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങളും അവര്‍ പ്രതീക്ഷിക്കുന്നു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ജനം നിക്ഷേപം, ഉപഭോഗം എന്നിവയില്‍ സ്വയം നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതില്‍നിന്ന് നിക്ഷേപ മന$സ്ഥിതിയിലേക്ക് മാറ്റാനുള്ള പദ്ധതികളാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.

ഭവനവായ്പയെടുക്കുന്നവര്‍ക്കുള്ള നികുതിയിളവുകള്‍ വര്‍ധിപ്പിക്കണമെന്നാണ് നിര്‍മാണമേഖലയില്‍നിന്ന് ഉയര്‍ന്ന മറ്റൊരു ആവശ്യം. ഇത് വ്യക്തിഗത നിര്‍മാണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി സിമന്‍റ്, കമ്പി ഉള്‍പ്പെടെ വന്‍കിട വ്യവസായങ്ങള്‍ക്ക് അനുകൂല അന്തരീക്ഷം ഒരുക്കുകയും ചെയ്യും.

ഭവനവായ്പയില്‍ മുതലിലേക്കുള്ള തിരിച്ചടവിനുള്ള നികുതിയിളവും പലിശയടവിനുള്ള നികുതിയിളവും വര്‍ധിപ്പിക്കണമെന്നും പലിശയടവിനുള്ള ഇളവ് രണ്ടുലക്ഷത്തില്‍നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തണമെന്നും ചൈനയിലെയും മറ്റും പോലെ രണ്ട് വീടുകളുള്ളവര്‍ക്ക് രണ്ട; വീടിനും നികുതിയിളവ് അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ചെലവ് കുറഞ്ഞ ഭവനം അടിസ്ഥാനസൗകര്യമാകുമോ?

ചെലവ് കുറഞ്ഞ ഭവനനിര്‍മാണം അടിസ്ഥാനസൗകര്യ വ്യവസായമായി പ്രഖ്യാപിക്കണമെന്നാണ് നിര്‍മാണമേഖലയുടെ ആവശ്യം. നിര്‍മാണമേഖലയിലുള്ളവരുടെ കൂട്ടായ്മയായ ക്രെഡായി ഈ ആവശ്യമുന്നയിച്ച് രംഗത്തുവന്നുകഴിഞ്ഞു. ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും എല്ലാവര്‍ക്കും ഭവനം എന്ന സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനും ഇത് സഹായകരമാകുമെന്നാണ് ക്രെഡായിയുടെ നിര്‍ദേശം.

90 ചതുരശ്ര മീറ്ററിലോ 1000 ചതുരശ്ര അടിയിലോ താഴെയുള്ള എല്ലാ ഭവനപദ്ധതികളും ചെലവ് കുറഞ്ഞ ഭവനപദ്ധതിയായി കണക്കാക്കണമെന്നാണ് ആവശ്യം. ഭവനവായ്പയുടെ പലിശനിരക്ക് കുറക്കണമെന്ന ആവശ്യവുമുണ്ട്. കുറഞ്ഞ പലിശനിരക്കും ലളിതമായ തവണവ്യവസ്ഥകളും റിയല്‍ എസ്റ്റേറ്റ് രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കും. റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട്, കറന്‍സി പിന്‍വലിക്കല്‍, ജി.എസ്.ടി എന്നിവയും അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികളും കൂടിച്ചേരുമ്പോള്‍ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ഗുണപരമാകുമെന്നും നിര്‍മാണമേഖല ചൂണ്ടിക്കാട്ടുന്നു.

അതൃപ്തി കുറക്കാന്‍ ആദായനികുതി പരിധി

കേന്ദ്ര ബജറ്റ് എന്ന് കേള്‍ക്കുമ്പോള്‍തന്നെ ശമ്പള വരുമാനക്കാരുടെ മനസ്സില്‍ ആദ്യം ഉയരുന്ന ചോദ്യം ആദായനികുതിപരിധി ഉയര്‍ത്തുമോ എന്നാണ്. ഇക്കുറിയും ശമ്പള വരുമാനക്കാരുടെയിടയില്‍ മുഖ്യമായി ഉയരുന്ന ചോദ്യം ഇതുതന്നെയാണ്. ബജറ്റ് സംബന്ധിച്ച് രാജ്യമാകെ നടക്കുന്ന ചര്‍ച്ചകളില്‍ മുഖ്യവും ഇതുതന്നെ.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സാധാരണക്കാര്‍ക്കിടയില്‍ രൂപപ്പെട്ട അതൃപ്തി കുറക്കുന്നതിനും  പ്രതിഷേധം തണുപ്പിക്കുന്നതിനുമായി പ്രത്യക്ഷനികുതിയില്‍ കാര്യമായ ഇളവ് ഉണ്ടാകുമെന്നാണ് വ്യാപക പ്രതീക്ഷ.

വരുമാനത്തിലുള്ള ആദായനികുതി ഇളവ് പരിധി നിലവിലുള്ള രണ്ടര ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷമായി ഉയര്‍ത്തുമെന്ന പ്രതീക്ഷ വ്യാപകമാണ്. ഇതോടൊപ്പം, വിവിധ വകുപ്പുകളിലുള്ള ഇളവുകളും വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. സെക്ഷന്‍ 80 സി അനുസരിച്ച് ഭവനവായ്പയിലുള്ള ഇളവുകള്‍ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. ഭവനവായ്പയിലേക്കുള്ള തിരിച്ചടവ് ഇളവ് പരിധി ഒന്നര ലക്ഷത്തില്‍നിന്ന് രണ്ടുലക്ഷമായും പലിശയടവിന്മേലുള്ള നികുതിയിളവ് പരിധി രണ്ടില്‍നിന്ന് മൂന്നു ലക്ഷമായും ഉയര്‍ത്തിയേക്കും.

കാര്‍ഷിക വായ്പക്ക് വേണം സബ്സിഡി

നോട്ട് പ്രതിസന്ധി നടുവൊടിച്ച പ്രധാന മേഖല കാര്‍ഷികരംഗമാണ്. ഉത്തരേന്ത്യയില്‍ വിളവെടുപ്പിന് തൊട്ടുമുമ്പായിരുന്നു നോട്ട് റദ്ദാക്കല്‍. അതോടെ, വിളവ് വാങ്ങാന്‍ ആളില്ലാതായി. കൊയ്തെടുത്ത ധാന്യങ്ങള്‍ കുന്നുകൂടി നശിച്ചു. പുതുതായി കൃഷിയിറക്കുന്നതിന് വിത്തുവാങ്ങാനുള്ള പണംപോലും കര്‍ഷകരുടെ കൈയില്‍ ഇല്ലാതായി. ഒടുവില്‍ കര്‍ഷകര്‍ക്ക് വിത്തുവാങ്ങാന്‍ പഴയ നോട്ട് ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്കിന് പ്രത്യേക അറിയിപ്പ് ഇറക്കേണ്ട അവസ്ഥപോലുമുണ്ടായി.

പുതിയ സാഹചര്യത്തില്‍, കാര്‍ഷിക വായ്പക്കുള്ള പലിശ സബ്സിഡി സംബന്ധിച്ച പ്രഖ്യാപനമാണ് കാര്‍ഷികമേഖല പ്രതീക്ഷിക്കുന്നത്. പലിശ സബ്സിഡി അനുവദിക്കുകയും അതുവഴി കൂടുതല്‍പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി തയാറാക്കുകയും വേണമെന്നാണ് ആവശ്യം. കാര്‍ഷിക വായ്പ നല്‍കുന്നതിന്  പൊതുമേഖലാ ബാങ്കുകളെ നിര്‍ബന്ധിക്കണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ മൊത്തം കാര്‍ഷിക വായ്പയുടെ പകുതിയിലേറെയും സഹകരണമേഖലയില്‍നിന്നാണ്. ബാക്കിയില്‍തന്നെ സ്വകാര്യ ബാങ്കുകളെക്കാള്‍ മോശമാണ് പൊതുമേഖലാ ബാങ്കുകളുടെ വിഹിതം. വായ്പകൊടുക്കുംവിധം പൊതുമേഖല ബാങ്കുകളെ നിര്‍ബന്ധിതമാക്കുന്ന പ്രഖ്യാപനമാണ് കാര്‍ഷികമേഖല പ്രതീക്ഷിക്കുന്നത്.

‘സുരക്ഷ’ തേടി സൈബര്‍ ലോകം

സൈബര്‍ ലോകം പ്രതീക്ഷിക്കുന്നത് സുരക്ഷ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ്. നോട്ട് പിന്‍വലിക്കലിന് പിന്നിലെ ലക്ഷ്യമായി ഡിജിറ്റല്‍ ഇക്കോണമിയും പണരഹിത ഇടപാടുമൊക്കെയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് മുഖ്യ തടസ്സം സൈബര്‍ സുരക്ഷ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയാണെന്ന് വ്യാപാരരംഗത്തുള്ളവര്‍ ധനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ആയും മണി വാലറ്റുകള്‍ വഴിയും ഇടപാട് നടത്തിയവരുടെ അക്കൗണ്ട് കൊള്ളയടിക്കപ്പെട്ട സംഭവം വിവിധ സംസ്ഥാനങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ലതാനും. ഈ സാഹചര്യത്തിലാണ് സൈബര്‍ സുരക്ഷക്ക് പരിഗണന പ്രതീക്ഷിക്കുന്നത്.ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സേവന നികുതിയില്‍ കുറവ് വരുത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. എടുത്തുകളയുകയോ വെട്ടിക്കുറക്കുകയോ ചെയ്യണമെന്നാണ് വാണിജ്യമേഖല ആവശ്യപ്പെട്ടത്.

 

 

 

 

 

 

 

Tags:    
News Summary - arun jaitly budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.