വാവെയെ വിലക്കിയാൽ തിരിച്ചടിക്കും; ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: ചൈനീസ് മൊബൈൽ നിർമാതാക്കളായ വാവെ ടെക്നോളജീസിൻെറ വ്യാപാരം തടയരുതെന്ന് ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടു. വാവെയെ വിലക്കുന്ന നടപടിയുമായി മുന്നോട്ട് പോയാൽ ചൈനയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങൾ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ചൈന ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി.

ലോകമെമ്പാടുമുള്ള 5 ജി മൊബൈൽ നിർമാണത്തിൽ നിന്ന് വാവെയെ മാറ്റി നിർത്താനുള്ള യു.എസ് പ്രചാരണത്തെക്കുറിച്ചുള്ള ചൈനയുടെ ആശങ്കകൾ ജൂലൈ 10 ന് ബെയ്ജിംഗിൽ ഇന്ത്യൻ അംബാസഡർ വിക്രം മിശ്രയെ ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അമേരിക്കയുടെ സമ്മർദ്ദത്തെത്തുടർന്ന് ഇന്ത്യ വാവെക്കെതിരെ രംഗത്തെത്തിയാൽ ചൈനയിൽ ബിസിനസുള്ള ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് യോഗത്തിൽ ചൈനീസ് അധികൃതർ മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഇൻ‌ഫോസിസ്, ടി‌.സി‌.എസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, റിലയൻസ് ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ ഇന്ത്യൻ കമ്പനികൾക്കടക്കം നിരവധി കമ്പനികൾക്ക് ചൈനയിലും വ്യാപാരമുണ്ട്.

രാജ്യത്ത് 5 ജി സെല്ലുലാർ നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനുള്ള പരീക്ഷണങ്ങളിലാണ് കേന്ദ്രസർക്കാർ. ഇതിൻെറ നിർമാണത്തിൽ ചൈനീസ് ടെലികോം ഭീമനെ പങ്കാളിയാക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു. ഇന്ത്യയിൽ വാവേയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സാമ്പത്തിക വിഭാഗം മേധാവി അശ്വനി മഹാജൻ കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു.

ചൈനയും അമേരിക്കയും തമ്മിലുള്ള പ്രശ്നം രൂക്ഷമായിരിക്കെ ദേശീയ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാവെയെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. ചാരവൃത്തിക്കായി ചൈന ഉപയോഗിക്കുന്ന വാവെ ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് സഖ്യകക്ഷികളോട് ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags:    
News Summary - China Warns India of 'Reverse Sanctions' if Huawei Is Blocked: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.