ന്യൂഡൽഹി: മൂലധന ഞെരുക്കം നേരിടുന്ന പൊതുമേഖല ബാങ്കുകൾ കോർപറേറ്റുകളെ വായ്പ കൊടുത്തു സഹായിക്കാൻ മത്സരിക്കുന്നതിനുപകരം ചെറുകിട വായ്പകളിൽ ശ്രദ്ധിക്കാൻ കേന്ദ്രസർക്കാർ നിർദേശം. വീടുവെക്കാനും വാഹനം വാങ്ങാനും ചെറു ബിസിനസ് നടത്താനും വായ്പ കൊടുക്കാനാണ് ശ്രദ്ധ വേണ്ടതെന്ന് വ്യക്തമാക്കി ധനമന്ത്രാലയത്തിലെ ബാങ്കിങ് വിഭാഗം സെക്രട്ടറി രാജീവ് കുമാർ പൊതുമേഖലാ ബാങ്ക് മേധാവികൾക്ക് കത്തയച്ചു. കോർപറേറ്റ് വായ്പയുടെ കാര്യം സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവ പോലുള്ള വൻകിടക്കാർ നോക്കിക്കൊള്ളും.
കോർപറേറ്റുകൾക്ക് വായ്പ നൽകി കിട്ടാക്കടം വർധിപ്പിക്കുകയാണ് ബാങ്കുകൾ ചെയ്യുന്നതെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സാധാരണക്കാർ വായ്പ തിരിച്ചടക്കുന്നതിൽ കൂടുതൽ സത്യസന്ധതയും ഉത്തരവാദിത്തവും കാണിക്കുന്നു. ബാങ്കുകളുടെ കിട്ടാക്കടത്തിൽ നല്ല പങ്ക് കോർപറേറ്റുകൾക്ക് നൽകിയതാണ്. സ്റ്റേറ്റ് ബാങ്കിെൻറ കോർപറേറ്റ് ഇതര വായ്പകളിലെ കിട്ടാക്കടം ഒന്നരശതമാനത്തിൽ താഴെയാണ്. എന്നാൽ, കോർപറേറ്റ് വായ്പകളിലെ കിട്ടാക്കടം 20 ശതമാനത്തോളമാണ്.
രാജ്യത്ത് 21 പൊതുമേഖല ബാങ്കുണ്ട്. ഇവയുടെ മൂലധന അടിത്തറ മെച്ചപ്പെടുത്താൻ നടപ്പുവർഷം ബോണ്ടിറക്കിയും ബജറ്റ് സഹായമായും ലക്ഷം കോടി രൂപ നൽകാനുള്ള പദ്ധതി ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബാങ്കിങ് വിഭാഗം സെക്രട്ടറിയുടെ കത്ത്. മാന്ദ്യത്തിൽ നിന്ന് സമ്പദ്രംഗത്തെ ഉണർവിലേക്ക് കൊണ്ടുവരാനുള്ള വഴിയാണ് സർക്കാർ തേടുന്നത്. പാർപ്പിട, വാഹന, വ്യാപാര വായ്പകൾ കൂടുതൽ നൽകിയാൽ ഇടപാട് വർധിക്കും. കോർപറേറ്റുകൾക്ക് വലിയ സംഖ്യ നീക്കിവെക്കുന്നതിനാൽ ഇൗ മേഖലകൾക്കുള്ള വിഹിതം കുറഞ്ഞിട്ടുണ്ട്. പൊതുമേഖലബാങ്കുകളുടെ വായ്പയിൽ പകുതിയും കോർപറേറ്റ് മേഖലക്ക് പോകുന്ന സ്ഥിതിയാണിപ്പോൾ. പാർപ്പിട, വാഹനവായ്പകൾ 15 ശതമാനത്തിൽ താഴെയാണ്.
ചെറു പൊതുമേഖലബാങ്കുകൾ 25 ശതമാനത്തിൽ കൂടുതൽ കോർപറേറ്റ് വായ്പ കൊടുക്കേണ്ടതില്ല എന്നാണ് ഇപ്പോഴത്തെ നിർദേശം.
മൂലധനശേഷി വർധിപ്പിക്കുന്നതിനൊപ്പം മറ്റു പരിഷ്കരണ നിർദേശങ്ങളുമുണ്ട്. ചെറുബാങ്കുകൾ നിക്ഷേപം സ്വീകരിക്കുന്നതിനും വായ്പ കൊടുക്കുന്നതിനുമാണ് ഉൗന്നൽ നൽകേണ്ടത്. ലാഭമുണ്ടാക്കാൻ ഒാഹരിവിപണിയിലേക്കും മറ്റും വല്ലാതെ കണ്ണയക്കേണ്ട. വായ്പ അനുവദിക്കാനും നിരീക്ഷിക്കാനും തിരിച്ചുപിടിക്കാനും പ്രത്യേകം ഒാഫിസർമാരെ നിയോഗിക്കണം. അപകടംപിടിച്ച വായ്പകളെക്കുറിച്ച് അപ്പപ്പോൾ മുകളിലേക്ക് വിവരം കൈമാറണം. 250 കോടിയിലധികം രൂപ വായ്പ നൽകിയിട്ടുണ്ടെങ്കിൽ പ്രത്യേകം നിരീക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.