തൃശൂർ: ചെറിയ ഇടവേളക്കു ശേഷം വീണ്ടും നഷ്ടത്തിലേക്കു പതിച്ച ധനലക്ഷ്മി ബാങ്കിൽ അവശേഷിക്കുന്ന ജനറൽ മാനേജരെയും ബാങ്ക് പിരിച്ചുവിട്ടു. ആൻറണി രാജനെയാണ് ബാങ്ക് പിരിച്ചുവിട്ടത്. ബാങ്കിെൻറ തലപ്പത്തുള്ള ഒരാളുടെ അസാന്മാർഗിക പ്രവൃത്തികൾ പുറത്ത് കൊണ്ടുവന്നതാണ് തന്നെ പുറത്താക്കാൻ കാരണമെന്ന് രാജൻ ബാങ്കിലെ സഹപ്രവർത്തകർക്ക് അയച്ച ഇ-മെയിലിൽ വ്യക്തമാക്കി. അതേസമയം, സ്വഭാവ ദോഷത്തിന് പിരിച്ചുവിട്ടതിലുള്ള നിരാശയാണ് കുറിപ്പെഴുതാൻ കാരണമെന്ന് ചീഫ് ജനറൽ മാനേജർ മണികണ്ഠൻ മറ്റൊരു ഇ-മെയിലിലൂടെ തിരിച്ചടിച്ചു. മറ്റ് ബാങ്കുകളിൽ ചീഫ് ജനറൽ മാനേജർക്കു കീഴിൽ നിരവധി ജനറൽ മാനേജർമാർ ഉള്ളപ്പോഴാണ് ധനലക്ഷ്മി ഏക ജനറൽ മാനേജരെയും ഒഴിവാക്കിയത്.
കൂനിന്മേൽ കുരുവെന്ന പോലെ ബാങ്കിെൻറ തലപത്തുള്ള പലരും കൂട്ടത്തോടെ ഒഴിഞ്ഞ് പോവുകയാണ്. ചീഫ് ക്രെഡിറ്റ് ഓഫിസർ മനോജ്, ചീഫ് കംപ്ലയൻസ് ഓഫിസർ ചന്ദ്രൻ, റീജനൽ മാനേജർ ബിജുകുമാർ എന്നിവർ രാജിക്കത്ത് നൽകി. ഇവർ ബാങ്ക് വിടുന്നത് തലപ്പത്ത് നടക്കുന്ന തൊഴുത്തിൽ കുത്തിെൻറ ഭാഗമാണെന്നാണ് ബാങ്കിനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മൂന്ന് വർഷത്തെ കനത്ത നഷ്ടത്തിന് ശേഷം 2017ൽ ബാങ്ക് ചെറിയ ലാഭം രേഖപ്പെടുത്തിയിരുന്നു. പക്ഷേ ഇക്കഴിഞ്ഞ പാദത്തിൽ വീണ്ടും നഷ്ടത്തിലായി.
രണ്ടു വർഷത്തിലേറെയായി ധനലക്ഷ്മി ബാങ്ക് പ്രശ്നങ്ങളുടെ നീർച്ചുഴിയിലാണ്. ബാങ്കിെൻറ മുംബൈ ശാഖയിൽ നടന്ന കോടിക്കണക്കിനു രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോഒാഡിനേഷൻ ദേശീയ വൈസ് പ്രസിഡൻറ് പി.വി. മോഹനനെ പിരിച്ചുവിട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മാസങ്ങൾക്കുള്ളിൽ മോഹനനും സംഘടനയും ചൂണ്ടിക്കാണിച്ച അഴിമതിയുമായി ബന്ധപ്പെട്ട് ബാങ്കിെൻറ ഡയറക്ടർ ശ്രീകാന്ത് റെഡ്ഢിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. അന്ന് ധനലക്ഷ്മി ബാങ്കിൽ ഉടലെടുത്ത തട്ടിപ്പിെൻറ വിപുല രൂപമാണ് ഇപ്പോൾ പഞ്ചാബ് നാഷനൽ ബാങ്കിൽ കണ്ടത്.
സംഘടന നേതാവിനെ പിരിച്ചുവിട്ടത് ഉൾപ്പെടെയുള്ള ബാങ്കിെൻറ തെറ്റായ പോക്കിൽ പ്രതിഷേധിച്ച് ഡയറക്ടറായിരുന്ന മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ രാജിവെച്ചത് വലിയ വിവാദമായിരുന്നു. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ ഇംഗിതത്തിനൊത്ത് പ്രവർത്തിച്ചില്ലെങ്കിൽ ഡയറക്ടർ ബോർഡിൽ ഇരിക്കുക പ്രയാസമാണെന്നും പല ഡയറക്ടർമാരെയും അത്തരത്തിൽ മാറ്റിയിട്ടുണ്ടെന്നും പ്രശ്നക്കാരായ ഉദ്യോഗസ്ഥരുടെ പേരുസഹിതം ചൂണ്ടിക്കാട്ടിയ രാജിക്കത്തിൽ ജയകുമാർ പറഞ്ഞിരുന്നു. ഈ അവസരത്തിലാണ് ബാങ്കിെൻറ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഡയറക്ടർ ബോർഡിലുള്ള പ്രതിനിധികളുടെ എണ്ണം റിസർവ് ബാങ്ക് മൂന്നായി ഉയർത്തിയത്.
ബാങ്കിെൻറ ചെയർമാനായിരുന്ന ജയറാം നായർ കാലാവധിക്ക് മുമ്പേ അടുത്തിടെ രാജിവെച്ച് പോയി. എം.ഡി ജി. ശ്രീറാമിെൻറ കാലാവധി ഏപ്രിലിൽ അവസാനിക്കുകയാണ്. പകരം നിയമനങ്ങൾക്ക് തിരക്കിട്ട് ശ്രമം നടക്കുന്നതിനിടക്കാണ് ഉന്നത തലങ്ങളിലെ ഒഴിഞ്ഞുപോക്കും പിരിച്ചു വിടലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.