ഇ.പി.എഫ് പലിശ നിരക്ക് കുറച്ചു

ന്യൂഡല്‍ഹി: എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് (ഇ.പി.എഫ്) പലിശ നിരക്ക് 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായി കുറച്ചു. തീരുമാനം രാജ്യത്തെ നാലര കോടിയോളം വരുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും. 2016-17 സാമ്പത്തിക വര്‍ഷം 8.65 ശതമാനം നിരക്കിലായിരിക്കും ഇ.പി.എഫ് വരിക്കാര്‍ക്ക് പലിശ ലഭിക്കുക. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷമായി 8.8 ശതമാനമായിരുന്നു പലിശ നിരക്ക്. ഏഴുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.   

തിങ്കളാഴ്ച ബംഗളൂരുവില്‍ കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 25ാമത് ഇ.പി.എഫ് ഓര്‍ഗനൈസേഷന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്  യോഗത്തിലാണ് പലിശ നിരക്ക് കുറക്കാന്‍ തീരുമാനിച്ചത്. പലിശ നിരക്ക് 8.62 ആയി കുറക്കണമെന്ന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ യോഗത്തില്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, ട്രസ്റ്റിലെ തൊഴിലാളി സംഘടന പ്രതിനിധികള്‍ എതിര്‍ത്തു. ഇതേതുടര്‍ന്ന ് 8.65 എന്ന നിരക്ക് നിശ്ചയിക്കുകയായിരുന്നു.  

കഴിഞ്ഞ വര്‍ഷം പലിശ നിരക്ക് 8.7 ശതമാനമാക്കി കുറക്കാന്‍ നീക്കമുണ്ടായെങ്കിലും തൊഴിലാളി യൂനിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.  ചെറുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ 0.1 ശതമാനം കുറച്ചിരുന്നു. അതിന് സമാനമായി കുറക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഇ.പി.എഫ്.ഒയോട് നിര്‍ദേശിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിന്‍െറ സമ്മര്‍ദത്തിന് വഴങ്ങി പലിശ നിരക്ക് കുറക്കാന്‍ ഇ.പി.എഫ്.ഒ തയാറായത്. നിശ്ചിതകാല നിക്ഷേപം, കിസാന്‍ വികാസ് പത്ര, സുകന്യസമൃദ്ധി തുടങ്ങിയ ചെറുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് നിലവില്‍ ഏഴു മുതല്‍ 8.5 ശതമാനം വരെയാണ്.
  തൊഴിലാളികള്‍ നിക്ഷേപിക്കുന്ന തുക ഉപയോഗിച്ച് ഇ.പി.എഫ്.ഒ നടത്തിയ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് പലിശ  കുറക്കുന്നതിനുള്ള കേന്ദ്രത്തിന്‍െറ ന്യായം.

 

Tags:    
News Summary - epf percentage decrease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.