ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻ ഉടമ അനിൽ അംബാനി രാജ്യം വിടുന്നത് തടയണമെന്ന ആവശ്യവുമായി സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സൺ സുപ്രീംകോടതിയിൽ. എറിക്സണ് നൽകാനുള്ള 550 കോടി രൂപ നൽകാതെ അംബാനി ഇന്ത്യ വിടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. അംബാനിയും റിലയൻസിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും രാജ്യം വിടുന്നത് തടയണമെന്നാണ് ആവശ്യം.
എറിക്സണ് ഏകദേശം 1600 കോടി രൂപയാണ് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻ നൽകേണ്ടിയിരുന്നത്. പിന്നീട് കോടതിയുടെ മേൽനോട്ടത്തിൽ നടത്തിയ ഒത്തുതീർപ്പിനൊടുവിൽ നൽകേണ്ട തുക 550 കോടിയായി കുറക്കുകയായിരുന്നു. സെപ്റ്റംബർ മുപ്പതിനകം പണം നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, റിലയൻസ് ഇക്കാര്യത്തിൽ വീഴ്്ച വരുത്തിയതോടെയാണ് എറിക്സൺ കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ നിയമസംവിധാനത്തെ റിലയൻസ് ബഹുമാനിക്കുന്നില്ലെന്ന് ഹരജിയിൽ എറിക്സൺ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേ സമയം, പണം നൽകാനുള്ള തീയതി 60 ദിവസം കൂടി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ സുപ്രീംകോടതിയിൽ ഹരജി നൽകിയതായി റിലയൻസ് അറിയിച്ചു. എറിക്സണുമായി ധാരണയിലെത്തിയതിനെ തുടർന്ന് റിലയൻസ് കമ്യൂണിക്കേഷെൻറ ടവർ ബിസിനസ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് വിൽക്കാൻ ധാരണയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.