മലപ്പുറം: കോവിഡ് പശ്ചാത്തലത്തിൽ സ്വർണ വ്യാപാര മേഖല പ്രതിസന്ധിയിലായതോടെ പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് വ്യാപാരികൾ. ഒാൺലൈൻ വ്യാപാരം വ്യാപകമാക്കാനാണ് ജ്വല്ലറികളുടെയും വ്യാപാര സംഘടനകളുടെയും തീരുമാനം. വലിയ നഗരങ്ങളിലെപ്പോലെ ചെറുപട്ടണങ്ങളിലെ ജ്വല്ലറികളടക്കം ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് വിൽപന വർധിപ്പിക്കാനുള്ള തീരുമാനത്തിലാണിവർ. സംസ്ഥാനത്ത് നിലവിൽ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് ഓൺലൈൻ സ്വർണ വ്യാപാരം. ഇത് 10 ശതമാനത്തിലേക്കെങ്കിലും എത്തിക്കാനാണ് ശ്രമം.
50,000 രൂപ വരെയുള്ള ആഭരണ വിൽപനയാണ് കൂടുതലായി ലക്ഷ്യമിടുന്നത്. ചെറുകിട വ്യാപാരികളെക്കൂടി ലക്ഷ്യമിട്ടുള്ള ഓൺലൈൻ വ്യാപാരത്തിെൻറ പ്രധാന തടസ്സം ആഭരണം ഉപഭോക്താവിന് എത്തിച്ചുകൊടുക്കുകയെന്നതാണ്. നിലവിലുള്ള ലോജിസ്റ്റിക്, കൊറിയർ, പോസ്റ്റൽ സംവിധാനങ്ങൾ അതിന് പര്യാപ്തമല്ല. മെട്രോ നഗരങ്ങളിൽ മാത്രമുള്ള ഡെസ്റ്റിനേറ്റഡ് പോസ്റ്റ് ഓഫിസുകൾ കേരളത്തിലും വേണമെന്ന ആവശ്യം വ്യാപാരികൾ മുന്നോട്ടുവെച്ചിട്ടുണ്ട്്.
ഉപഭോക്താക്കളെ ഒാൺലൈൻ വ്യാപാരത്തിലേക്ക് അടുപ്പിക്കാൻ വെർച്വൽ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ആഭരണം ലൈവായി കാണിക്കാൻ സൗകര്യമൊരുക്കും. മേഖല പുതിയ പരീക്ഷണ ഘട്ടത്തിലാണെന്നും സർക്കാറിെൻറ പിന്തുണ കൂടി ലഭിച്ചാൽ ഇൗ മേഖലക്ക് കൂടുതൽ ഗുണകരമാകുമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ബി. ഗോവിന്ദൻ, കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.