ന്യൂഡൽഹി/മുംബൈ: ഇന്ധനവില സർവകാല റെക്കോഡിലേക്ക് കുതിക്കുേമ്പാഴും എക്സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്രം. റവന്യു വരുമാനം കുറയാനിടയാക്കുന്ന നടപടികൾ സർക്കാർ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയില്ലെന്ന് ഉന്നത കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഡോളറിനെതിരെ രൂപ അതിെൻറ ഏറ്റവും താഴ്ന്ന (71.57) നിലയിലെത്തിയ ഇന്നലെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 79.31 ആയാണ് വർധിച്ചത്.
ഡീസൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 71.54ൽ എത്തി. പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയുമാണ് വർധന. രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടർന്ന് ഇറക്കുമതിച്ചെലവു കൂടിയതാണ് വിലവർധനക്ക് കാരണം. ക്രൂഡ്ഓയിലിന് സെപ്റ്റംബർ മൂന്നിനു രാജ്യാന്തര വിപണിയിൽ ബാരലിന് 78.24 ഡോളറായിരുന്നു വില. അഞ്ചു മാസത്തിനിടെ പെട്രോളിന് 4.66 രൂപയും ഡീസലിന് 6.35 രൂപയുമാണ് കൂടിയത്.
മുംബൈയിൽ 86.72 രൂപയാണ് ഒരു ലിറ്റർ പെട്രോൾ വില. ഡീസലിനാകട്ടെ 75.74ഉം. രാജ്യത്ത് തുടർച്ചയായ 11ാം ദിവസമാണ് ഇന്ധനവില കുതിപ്പ് തുടരുന്നത്. അതേസമയം, ഇക്കാര്യത്തിൽ ബി.ജെ.പിയുടെ പ്രതികരണം എരിതീയിലെ എണ്ണയായി. ഇന്ധനവിലക്കയറ്റം സദ്വാർത്തയെന്നാണ് ബി.ജെ.പി ദേശീയവക്താവ് നളിൻ കോഹ്ലി പറഞ്ഞത്. സംസ്ഥാനങ്ങൾക്ക് കൂടുതൽ വരുമാനം ലഭിക്കാൻ ഇന്ധനവില വർധന ഇടയാക്കുമെന്നാണ് അദ്ദേഹത്തിെൻറ വാദം.
ഡൽഹിയിൽ ആഗസ്റ്റ് 16നു ശേഷം പെട്രോൾ വില മാത്രം രണ്ടു രൂപയിലേറെ കൂടി. ഡീസലിന് 2.42 രൂപയാണ് വർധന. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 17 പൈസകൂടി 82.41 രൂപയായി. സമ്മർദിത പ്രകൃതി വാതകം (സി.എൻ.ജി), സബ്സിഡി രഹിത എൽ.പി.ജി, പൈപ്പ്ഡ് നാച്വറൽ ഗ്യാസ് (പി.എൻ.ജി) എന്നിവക്കും വില കുത്തനെ കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.