ന്യൂഡല്‍ഹി: മിനിമം ബാലന്‍സ് തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ പിഴ ഈടാക്കാനുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനവും മാസത്തില്‍ നിശ്ചിത നോട്ടിടപാടില്‍ കൂടുതല്‍ നടത്തുന്നവരില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കാനുള്ള സ്വകാര്യ ബാങ്കുകളുടെ തീരുമാനവും പുന: പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാർ ആവശ്യപ്പെട്ടു.
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍നിന്ന് പിഴ ഈടാക്കുമെന്ന് എസ്.ബി.ഐ അറിയിച്ചിരുന്നു. മെട്രോ നഗരങ്ങളില്‍ 5,000 രൂപ, അല്ലാത്ത നഗരങ്ങളില്‍ 3,000, ചെറുപട്ടണങ്ങളില്‍ 2,000, ഗ്രാമങ്ങളില്‍ 1,000 രൂപ എന്നിങ്ങനെയാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണ്ടത്. മിനിമം ബാലന്‍സ് തുകയില്‍നിന്ന് കുറയുന്ന സംഖ്യക്ക് ആനുപാതികമായാണ് പിഴ. മിനിമം ബാലന്‍സിന്‍െറ 75 ശതമാനം കുറവാണെങ്കില്‍ 100 രൂപ പിഴയടക്കണമെന്നുമായിരുന്നു എസ്.ബി.ഐ നിർദേശം.
സ്വകാര്യ ബാങ്കുകള്‍ മാസം നാലിലധികം നോട്ടിടപാടുകള്‍ നടത്തുന്നവര്‍ക്ക് 150 രൂപ വീതം ഈടാക്കാനും തീരുമാനിച്ചിരുന്നു. നിലവില്‍, അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എമ്മില്‍ പ്രതിമാസം അഞ്ച് സൗജന്യ ഉപയോഗമാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. അഞ്ച് ഉപയോഗത്തിന് ശേഷം പണമിടപാടിന് 20 രൂപയും ബാലന്‍സ് അറിയുക ഉള്‍പ്പെടെയുള്ളവയ്ക്ക് 8.50 രൂപയുമാണ് ഈടാക്കുന്നത്. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകള്‍ മാസത്തില്‍ മൂന്നുതവണയേ സൗജന്യമായി ഉപയോഗിക്കാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.