കൊച്ചി: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവിൽ വന്ന് മൂന്നു ദിവസം പിന്നിടുേമ്പാൾ വിപണി ആശങ്കകൾക്കും അനിശ്ചിതത്വത്തിനും നടുവിൽ. പുതിയ സംവിധാനത്തെക്കുറിച്ച ആശയക്കുഴപ്പം വ്യാപാര മേഖലയെ ഗുരുതരമായി ബാധിച്ചു. ജൂലൈ ഒന്നിനുശേഷം കച്ചവടം 30 ശതമാനത്തോളം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. നോട്ട് പ്രതിസന്ധിയെത്തുടർന്നുണ്ടായ സാഹചര്യത്തിന് സമാനമാണ് വിപണിയിലെ അവസ്ഥ.
വില കുറയേണ്ട ഉൽപന്നങ്ങൾക്ക് ഇനിയും വില കുറഞ്ഞിട്ടില്ല. മറ്റ് ഉൽപന്നങ്ങൾക്ക് കൂടുകയും ചെയ്തു. വില സംബന്ധിച്ച ആശങ്ക മൂലം ഉപഭോക്താക്കൾ വിപണിയിൽനിന്ന് വിട്ടുനിൽക്കുകയാണ്. ചന്തദിവസമായ തിങ്കളാഴ്ച പോലും കൊച്ചിയുടെ വ്യാപാര മേഖല മാന്ദ്യത്തിലായിരുന്നു.
ചരക്കുവരവ് പത്തിലൊന്നായി കുറഞ്ഞു. മിക്ക സ്ഥാപനങ്ങളിലും സോഫ്റ്റ്വെയർ നവീകരണം നടക്കാത്തതാണ് പ്രധാന പ്രശ്നമെന്നും വ്യാപാരികൾക്ക് ഇപ്പോഴും ജി.എസ്.ടിയുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും കേരള ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ രാജ സേതുനാഥ് പറഞ്ഞു. ജി.എസ്.ടി നിരക്ക് നിർണയം ജൂലൈ അവസാനം വരെ നീണ്ടതും വ്യാപാരികൾക്ക് തിരിച്ചടിയായി. സിമൻറ്, ഉരുക്ക് വ്യാപാരം ഏറക്കുറെ നിലച്ചിരിക്കുകയാണ്.
സിമൻറിനും കമ്പിക്കും വില കുറയേണ്ടതാണെങ്കിലും രണ്ടു മാസമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഹാർഡ്വെയർ വിഭാഗത്തിൽപ്പെടുന്ന നിർമാണ സാമഗ്രികളിൽ അഞ്ചു ശതമാനം നികുതി ഉണ്ടായിരുന്നവയുടേത് 18ഉം 14 ശതമാനം ആയിരുന്നവയുടേത് 28ഉം ശതമാനമായി ഉയർന്നു. അപ്രതീക്ഷിത വില വർധന നിർമാണ മേഖലയെ സാരമായി ബാധിക്കും.
കാറുകൾക്ക് വില കുറയുമെങ്കിലും വിശദാംശങ്ങൾ കമ്പനികളിൽനിന്ന് ലഭിച്ചിട്ടില്ലെന്നാണ് പ്രമുഖ കമ്പനികളുടെ ഡീലർമാർ പറയുന്നത്. അതിനാൽ ശനിയാഴ്ച മുതൽ വാഹന വിൽപന നടന്നിട്ടില്ല. മാരുതി ഹൈബ്രിഡ് വാഹനങ്ങൾ ഒഴികെയുള്ളവയുടെ വില മൂന്നു ശതമാനം കുറച്ചു. വില കുറയുമെന്ന് മറ്റു കമ്പനികളും പറയുന്നു.
ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ നേരേത്ത ബുക്ക് ചെയ്ത വാഹനങ്ങളും വിതരണം ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.