ന്യൂഡൽഹി: എച്ച്.സി.എൽ ടെക്കിൻെറ ചെയർപേഴ്‌സനായി ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതയായ റോഷ്നി നടാർ മൽഹോത്ര ചുമതലയേൽക്കുന്നു. പിതാവ് ശിവ് നടാറിൻെറ പിൻഗാമിയായാണ് റോഷ്നിയുടെ നിയമനം. എച്ച്.സി.എൽ ടെക് മാനേജിങ് ഡയറക്ടറായ ശിവ് നടാർ ചീഫ് സ്ട്രാറ്റജി ഓഫിസർ പദവിയിൽ തുടരും.
എച്ച്.സി.എൽ കോർപറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയും എച്ച്.സി.എൽ ടെക്നോളജീസ് ബോർഡ് വൈസ് ചെയർപേഴ്‌സനും ശിവ് നടാർ ഫൗണ്ടേഷൻ ട്രസ്റ്റിയുമാണ് റോഷ്നി നടാർ മൽഹോത്ര. ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സോഫ്റ്റ് വെയർ കയറ്റുമതി സ്ഥാപനത്തിൻെറ അഡീഷനൽ ഡയറക്ടറായി 2013ലാണ് റോഷ്നി എച്ച്.സി.എല്ലിൽ എത്തുന്നത്.
വന്യജീവി, പ്രകൃതി സംരക്ഷണത്തിൽ തൽപരയായ ഇവർ 2018ൽ ‘ദി ഹബിറ്റാറ്റ്സ്’ എന്നപേരിൽ ഇതിനായി ഒരുട്രസ്റ്റ് തുടങ്ങിയിട്ടുണ്ട്. സുസ്ഥിര ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് ട്രസ്റ്റിൻെറ ലക്ഷ്യം.
ഡൽഹിയിൽ ജനിച്ചുവളർന്ന റോഷ്നി അമേരിക്കയിലെ കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെൻറിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി. വേൾഡ് ഇക്കണോമിക് ഫോറത്തിൻെറ ഫോറം ഓഫ് യങ് ഗ്ലോബൽ ലീഡേഴ്സ് മുൻ അംഗം കൂടിയാണ് ഇവർ.
2017 -2019ൽ ഫോബ്‌സ് തെരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയിൽ റോഷ്നി ഇടം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.