ചെന്നൈ: ആയിരം കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പു കേസില്‍ ചെന്നൈയിലെ ജ്വല്ലറി ശൃംഖലയായ കനിഷ്ക ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിങ് ഡയറക്ടര്‍ ഭൂപേഷ്‌കുമാര്‍ ജെയിനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. ഭൂപേഷ്‌കുമാറിനെയും ഭാര്യ നീത ജെയിനെയും സി.ബി.ഐ ബംഗളൂരുവില്‍ ചോദ്യം ചെയ്യുകയാണ്. ഇരുവരെയും ബംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് സൂചനയുണ്ട്. ചെന്നൈയിൽ അടച്ചുപൂട്ടിയ കമ്പനി കോർപറേറ്റ് ഒാഫിസിലും ഷോറൂമിലും ഉടമകളുടെ ചെന്നൈ, കാഞ്ചീപുരം എന്നിവിടങ്ങളിലെ വീടുകളിലും സി.ബി.ഐ പരിശോധന നടത്തി.
കമ്പനിയുടെ ഓഡിറ്റർമാരായ തേജ്‌രാജ് അജ്ജ, അജയ്കുമാര്‍ ജെയിന്‍, സുമിത് കേദിയ എന്നിവര്‍ക്കെതിരെ കേസെടുത്തു. ചെന്നൈ നുങ്കംപാക്കത്തെ കോത്തരി റോഡിലുളള ഭൂപേഷ് കുമാറിെൻറ വീട് ലേലം ചെയ്യാനുള്ള നീക്കത്തിലാണ് ബാങ്ക് അധികൃതർ. ലേല നടപടികള്‍ക്ക് മുന്നോടിയായുള്ള നോട്ടീസ് പതിച്ചു. എസ്.ബി.ഐ നേതൃത്വം നല്‍കുന്ന 14 ബാങ്കുകളുടെ കണ്‍സോർട്യത്തില്‍നിന്ന് 824.15 കോടി രൂപ വായ്പയെടുത്ത് ബാങ്ക് തിരിച്ചടവിന് മുടക്കുകയായിരുന്നു. വായ്പത്തുക പലിശയടക്കം ആയിരം കോടി രൂപയായതായി ജനുവരിയില്‍ എസ്.ബി.ഐ അധികൃതര്‍ സി.ബി.ഐക്കു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
2017 മാര്‍ച്ചിലാണ് ജ്വല്ലറി വായ്പ തിരിച്ചടവില്‍ വീഴ്ചവരുത്തിയത്. ലീഡ് ബാങ്കായ എസ്.ബി.ഐയുടെ ഉത്തരവാദിത്തത്തില്‍ പഞ്ചാബ് നാഷനല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോർപറേഷന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐ.സി.ഐ.സി.ഐ, ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി തുടങ്ങിയ ബാങ്കുകളില്‍നിന്നാണ് ഉത്തരേന്ത്യന്‍ സ്വദേശികളായ ഭൂപേഷ്‌കുമാറും ഭാര്യയും കോടികള്‍ കടം എടുത്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എട്ടു ബാങ്കുകളുടെ തിരിച്ചടവ് ആദ്യം മുടക്കി. പിന്നീട് മറ്റു ബാങ്കുകളിലെ തിരിച്ചടവും മുടക്കി. ഇതിനിടയില്‍ മുന്നറിയിപ്പില്ലാതെ ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.