ന്യൂഡൽഹി: രാജ്യവ്യാപകമായ ലോക്ഡൗണിൽ ഇളവുകൾ വരികയാണെങ്കിലും രോഗവ്യാപനം കൂടിയ പല മേഖലകളിലും ഏർപ്പെടുത്തുന്ന പ്രാദേശികമായ ലോക്ഡൗണുകൾ സമ്പദ്വ്യവസ്ഥക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന് സൂചന. കൺസ്യൂമർ ഉൽപന്നങ്ങൾ, ഓട്ടോമൊബൈൽ, ഇ-കോമേഴ്സ് കമ്പനികൾ എന്നിവക്ക് ഇത് തിരിച്ചടിയുണ്ടാക്കുമെന്നാണ് റിപ്പോർട്ട്.
ഉത്തർപ്രദേശിൽ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാന സർക്കാർ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. വ്യവസായ നിർമ്മാണശാലകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഒപ്പോ, വിവോ, ഡിക്സോൺ തുടങ്ങിയ നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമായി പ്രവർത്തിക്കുന്ന പല കമ്പനികളും പൂർണമായ രീതിയിൽ ഉൽപാദനം നടത്താൻ കഴിയുമോ എന്ന് ആശങ്ക പ്രകടപ്പിച്ചു കഴിഞ്ഞു. തൊഴിലാളികൾക്ക് കമ്പനികളിലെത്താനുൾപ്പടെ ബുദ്ധിമുട്ട് നേരിടുമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നു. പ്രാദേശികമായി ഏർപ്പെടുത്തിയ ലോക്ഡൗൺ മൂലം മഹാരാഷ്ട്ര, യു.പി, പശ്ചിമബംഗാൾ, അസം, ബിഹാർ എന്നിവിടങ്ങളിൽ വാഹന വിൽപന കുറഞ്ഞതായി വാഹനനിർമ്മാതാക്കളും വ്യക്തമാക്കുന്നു.
യു.എസ് മൊബൈൽ കമ്പനിയായ ആപ്പിൾ ഭീവണ്ടിയിലെ വിതരണശാല അടച്ചിരുന്നു. നഗരത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്നായിരുന്നു ആപ്പിളിൻെറ നടപടി. ഇതുമൂലം രാജ്യത്തെ ഓഫ്ലൈൻ വിതരണക്കാർക്ക് ഫോണെത്തിക്കാൻ കഴിയുന്നില്ലെന്ന് ആപ്പിളിൻെറ പ്രതിനിധികൾ പറഞ്ഞു. ആപ്പിളിന് പുറമേ മറ്റ് നിരവധി കമ്പനികൾക്കും ഭീവണ്ടിയിൽ സംഭരണശാലകളുണ്ട്.
ഇ-കോമഴ്സ് കമ്പനികളാണ് തിരിച്ചടി നേരിടുന്ന മറ്റൊരു വിഭാഗം. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെയൊക്കെ സംഭരണശാലകളെല്ലാം രോഗവ്യാപനം കൂടിയ സ്ഥലങ്ങളിലാണ്. നവി മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഓൺലൈൻ സൈറ്റുകളും പ്രതിസന്ധിയിലായത്. പ്രാദേശിക ലോക്ഡൗൺ നില നിൽക്കുന്ന പ്രദേശങ്ങളിൽ വാഹന വിൽപനയിൽ 10 ശതമാനം ഇടിവുണ്ടായെന്നാണ് വാഹന ഉൽപാദകർ വ്യക്തമാക്കുന്നത്. വിൽപനയിലെ കുറവിൻെറ കാര്യം ടോയോട്ടയും ഹോണ്ടയും സമ്മതിച്ചിട്ടുണ്ട്.
നിരവധി പ്രദേശങ്ങൾ ലോക്ഡൗണിലേക്ക് പോയതോടെ തിരിച്ചുവരവിൻെറ പാതയിലുള്ള സമ്പദ്വ്യവസ്ഥയിൽ വീണ്ടും ഇത് പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്ക ഉയർന്നു കഴിഞ്ഞു. വീണ്ടും വിപണികളിലേക്ക് എത്തിയ ഉപഭോക്താക്കളെ ലോക്ഡൗണുകൾ വീടിനുള്ളിലാക്കുമെന്നാണ് കമ്പനികളുടെ പ്രധാന ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.