ന്യൂഡൽഹി: അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാണെന്ന റിസർവ് ബാങ്ക് തീരുമാനത്തിെൻറ ഭരണഘടന സാധുത ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഹരജി. സ്ത്രീകളുടെ അവകാശസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന ഡോ. കല്യാണി മേനോൻ സെൻ ആണ് ഹരജി നൽകിയത്. മൊബൈൽ ഫോൺ ആധാറുമായി ബന്ധിപ്പിക്കണമെന്ന ടെലികോം വകുപ്പിെൻറ നിർദേശവും ഇവർ ചോദ്യംചെയ്തിട്ടുണ്ട്.
രണ്ടു തീരുമാനങ്ങളും പൗരെൻറ സ്വകാര്യതയിലേക്കുള്ള കൈകടത്തലാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ബാങ്ക് അക്കൗണ്ടുകളുമായി ആധാർ ബന്ധിപ്പിക്കുന്നത് നിർബന്ധമാണെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിവരാവകാശ മറുപടിയിൽ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് റിസർവ് ബാങ്കിെൻറ ഉത്തരവുണ്ടെന്ന് പ്രചരിച്ചതോടെയാണ് കേന്ദ്രബാങ്ക് വിശദീകരണവുമായി രംഗത്തുവന്നത്.
അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നും പുതിയ അക്കൗണ്ട് തുടങ്ങാൻ പാൻ കാർഡ് നിർബന്ധമാണെന്നും വ്യക്തമാക്കി കഴിഞ്ഞ ജൂൺ ഒന്നിനാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡിസംബർ 31നകം അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ റദ്ദാക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. ആധാർ പൗരെൻറ സ്വകാര്യതയിലേക്കുള്ള കൈകടത്തലാണെന്ന ഹരജികൾ കോടതിയുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.