തിരുവനന്തപുരം: ആഗോള വാഹന നിർമാതാക്കളായ നിസാെൻറ രാജ്യത്തെ ആദ്യ ഡിജിറ്റൽ ഹബ് സ്ഥാപിക്കാൻ നിസാൻ മോട്ടോർ കോർപറേഷൻ സംസ്ഥാന സർക്കാറുമായി ധാരണപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി പോൾ ആൻറണിയും നിസാൻ കോർപറേറ്റ് വൈസ് പ്രസിഡൻറ് ടോണി തോമസുമാണ് ഒപ്പിട്ടത്.
നിസാെൻറ വരവ് കേരളത്തിലേക്ക് ആദ്യ ആഗോള ബ്രാൻഡ് വരുന്നതിെൻറ അടയാളം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും.മലയാളി വ്യവസായ പ്രമുഖരിൽ പലരും സംസ്ഥാനത്ത് സംരംഭം ആരംഭിക്കാൻ വിമുഖത കാണിക്കുന്ന ഘട്ടത്തിലാണ് മലയാളിയായ ടോണി തോമസിനെപ്പോലൊരാൾ പദ്ധതിയുമായി മുന്നോട്ടുവന്നത്. നിസാെൻറ വരവ് മലയാളി വ്യവസായികളുടെ മനോഭാവത്തിൽ മാറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഹബിെൻറ ലോഗോ ടോണി തോമസ് പ്രകാശനം ചെയ്തു.
തിരുവനന്തപുരത്ത് പള്ളിപ്പുറം ടെക്നോസിറ്റിയിലാണ് ആദ്യഘട്ടത്തില്‍ 30 ഏക്കറും, രണ്ടാംഘട്ടത്തില്‍ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാന്‍ നിസാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കായുള്ള ഗവേഷണവും സാങ്കേതിക വികസനവുമാണ് ഡിജിറ്റല്‍ ഹബില്‍ നടക്കുക.
ചീഫ് സെക്രട്ടറി പോൾ ആൻറണി, അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, നിസാൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ ചെയർമാൻ പെയ്മാൻ കാർഗൻ, സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ്, ടെക്നോപാര്‍ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഋഷികേശ് നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.