ന്യൂഡൽഹി: ജോലി നഷ്ടപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികൾക്കായി തൊഴിൽ പ്ലാറ്റ് ഫോം ഒരുക്കാൻ നിതി ആയോഗ്. ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ടെക് മഹീന്ദ്ര തുടങ്ങിയ ടെക് ഭീമൻമാരുടെ തലവൻമാരെ ഉൾപ്പെടുത്തി പാനൽ രൂപീകരിച്ചു. ലോക്ഡൗൺ സമയത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി അന്തർ സംസ്ഥാന തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയിരുന്നു. ഇത്തരത്തിൽ പലായനം നടത്തിയവർക്കായാണ് പുതിയ സംവിധാനം.
ബ്ലൂ േകാളർ തൊഴിലാളികൾക്കായിരിക്കും അവസരം പ്രയോജനപ്പെടുക. സ്വന്തം താമസയിടങ്ങൾക്ക് സമീപംതന്നെ തൊഴിൽ കണ്ടെത്തുന്ന രീതിയിലാകും സംവിധാനം ഒരുക്കുക. തൊഴിലാളികൾക്ക് പുറമെ തൊഴിൽ ദാതാക്കൾ, സർക്കാർ ഏജൻസികൾ, നൈപുണ്യ കേന്ദ്രങ്ങൾ തുടങ്ങിയവയായും ഇവ ബന്ധിപ്പിക്കും. നവീന സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയാകും സംവിധാനം തയാറാക്കുക. മൊബൈൽ ഫോണുകൾ വഴി ഈ പ്ലാറ്റ്ഫോമിലൂടെ തങ്ങളുടെ സമീപത്തെ തൊഴിൽ സാധ്യതകൾ നൈപുണ്യമനുസരിച്ച് കണ്ടെത്താനാകും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിലവിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കുടിയേറ്റ തൊഴിലാളികൾക്ക് മികച്ച തൊഴിലവസരങ്ങൾ നൽകാനായി നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിൻറെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് പ്രസിഡൻറ് കിരൺ തോമസ്, മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡൻറ് ആനന്ദ് മഹേശ്വരി, ടെക് മഹീന്ദ്ര എം.ഡിയും സി.ഇ.ഒയുമായ സി.പി. ഗുർനാനി, ഗൂഗ്ൾ ഇന്ത്യ മാനേജർ സജ്ഞയ് ഗുപ്ത, ഭാരതി എയർടെൽ സി.ഇ.ഒ ഗോപാൽ വിത്തൽ തുടങ്ങിയവർ പാനലിൽ ഉൾപ്പെടുന്നതായാണ് വിവരം.
അസംഘടിത േമഖലയിൽ ജോലിചെയ്യുന്ന 40 കോടി തൊഴിലാളികളാണ് ജി.ഡി.പിയുടെ 30 ശതമാനവും സംഭാവന ചെയ്യുന്നത്. ഇതിൽ തന്നെ 60 ശതമാനം തൊഴിലാളികളും അഭ്യസ്തവിദ്യരാണ്. ഇത്തരത്തിൽ അഭ്യസ്തവിദ്യരായവരിൽ ഭൂരിഭാഗവും ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടതോടെ പട്ടിണിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.