ന്യൂഡൽഹി: വെളുക്കാൻ തേച്ചത് പൊള്ളിച്ചു. നോട്ട് അസാധുവാക്കൽ ജനത്തിനും മോദിസർക്കാറിനും സമ്മാനിച്ച തീരാനീറ്റൽ അതാണ്. നോട്ട് അസാധുവാക്കലിെൻറ പേരിൽ ചരിത്ര പുരുഷനാകാൻ മോഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിചിത്ര പുരുഷനായി മാറി.
കള്ളപ്പണം, കള്ളനോട്ട്, ഭീകരത എന്നിവയെല്ലാം തടഞ്ഞ് പണമിടപാട് സംശുദ്ധമാക്കാനുള്ള ഒറ്റമൂലി പ്രയോഗമാണ് നോട്ട് നിരോധനമെന്നാണ് പ്രധാനമന്ത്രി രാജ്യത്തെ ധരിപ്പിച്ച്. പക്ഷേ, 0.7 ശതമാനം കള്ളനോട്ട് ഇല്ലാതാക്കാൻ ബാക്കി 99.3 ശതമാനം കറൻസിയും ചുട്ടുകളഞ്ഞ പരമാബദ്ധമാണ് മോദിസർക്കാർ കാണിച്ചതെന്നാണ് പിന്നീട് തെളിഞ്ഞത്. പ്രചാരത്തിലിരുന്നതിൽ 86 ശതമാനം കറൻസി നോട്ടുകൾ അസാധുവാക്കി ഡിജിറ്റൽ വിപ്ലവത്തിലേക്ക് നീങ്ങുന്നതായും സർക്കാർ വിവരിച്ചിരുന്നു.
എന്നാൽ, അതിൽ ഒട്ടും കുറയാത്ത പുതിയ നോട്ടുകൾ രണ്ടു വർഷത്തിനിടയിൽ അച്ചടിച്ച് ഇറക്കി. ഇതിനു വേണ്ടിവന്ന ചെലവ് എത്രയാണെന്ന് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും ആർക്കും ഉത്തരം ലഭിച്ചിട്ടില്ല. നന്നെ ചുരുങ്ങിയത് 30,000 കോടിയുടെ ചെലവ് എന്നാണ് കണക്കാക്കുന്നത്. അസാധുവായിപ്പോയ കള്ളനോട്ടും കള്ളപ്പണവും 10,720 കോടിയുടേതു മാത്രം. പാഴ്ച്ചെലവ് എത്രയെന്ന് വ്യക്തം. സർക്കാറിെൻറ പ്രഖ്യാപിത ലക്ഷ്യങ്ങളാകെട്ട, ഒന്നും നടന്നില്ല. കൃഷിയും ചെറുകിട വ്യവസായവും ഗ്രാമീണ മേഖലയും വ്യാപാര രംഗവുമെല്ലാം ഒരുപോലെ തളർന്നു. നോട്ട് അസാധുവാക്കിയപ്പോൾ പുതിയ പച്ചനോട്ടിന് എ.ടി.എമ്മുകൾക്കും ബാങ്കുകൾക്കും മുന്നിൽ ക്യൂ നിന്ന ദുരിതം പഴങ്കഥ. കള്ളപ്പണം കണ്ടെത്താനല്ല, വെളുപ്പിക്കുന്നതിന് അവസരം നൽകുകയാണ് നോട്ട് അസാധുവാക്കൽ വഴി ചെയ്തത്. കള്ളനോട്ടുകൾ ഇല്ലാതാവുകയല്ല, പുതിയ കറൻസികളുടെ വ്യാജൻ വിപണിയിൽ ഇറങ്ങുകയാണ് ചെയ്തത്. നികുതിദായകരുടെ എണ്ണം കൂട്ടി. പക്ഷേ, നികുതിപ്പണത്തിെൻറ പ്രയോജനം കിട്ടുന്നവരുടെ എണ്ണം കുറഞ്ഞു. നികുതിവരവ് കൂടിയിട്ടും ധനക്കമ്മി കുറഞ്ഞില്ല.
വൻകിട പദ്ധതികളിലെ സർക്കാർ നിക്ഷേപം വർധിക്കുന്നുമില്ല. ഇതിനെല്ലാമിടയിലെ കോർപറേറ്റ് ഒത്താശ, ബാങ്കുകളിലെ പെരുകുന്ന കിട്ടാക്കടം, തകരുന്ന മൂലധന അടിത്തറ, വൻകിട വായ്പാ ക്രമക്കേടുകൾ എന്നിവ മറുപുറം. നോട്ടുനിരോധം തുഗ്ലക് പരിഷ്ക്കാരമായി കാലം രേഖപ്പെടുത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.