ന്യൂഡൽഹി: നോട്ട് നിരോധനം സമ്പദ്വ്യവസ്ഥയിൽ കടുത്ത ആഘാതമുണ്ടാക്കിയെന്ന് മോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യൻ. സമ്പദ്വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 6.8 ശതമാനത്തിലേക്ക് ഇടിയാൻ നോട്ട് നിരോധനം കാരണമായെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് എട്ട് ശതമാനത്തിൽ വളർന്നിരുന്ന സമ്പദ്വ്യവസ്ഥയാണ് 6.8ലേക്ക് കൂപ്പുകുത്തിയത്.
നോട്ട് നിരോധനം നടപ്പിലാക്കി രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇക്കാര്യത്തിൽ അരവിന്ദ് സുബ്രമണ്യൻ മൗനം വെടിഞ്ഞത്. നോട്ട് നിരോധനം സമ്പദ്വ്യവസ്ഥയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പ്രായോഗികമായ ചർച്ചകളൊന്നും നടന്നില്ല. അസംഘടിത മേഖലയിൽ തീരുമാനം ഉണ്ടാക്കുന്ന ആഘാതങ്ങൾ പരിഗണിച്ചില്ലെന്നും അരവിന്ദ് വ്യക്തമാക്കി. തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് മുഖ്യസാമ്പത്തിക ഉപദേഷ്ടാവുമായി കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജി.ഡി.പി വളർച്ച നിരക്ക് കുറയുന്നതിന് നോട്ട് നിരോധനം കാരണമായി. അതേസമയം, ഇത് മാത്രമാണ് ജി.ഡി.പി കുറയുന്നതിനുള്ള കാരണമെന്ന് പറയാൻ സാധിക്കില്ല. എണ്ണവില ഉയർന്നതും പലിശനിരക്ക് കൂടിയതും സമ്പദ്വ്യവസ്ഥയെയും ജി.ഡി.പിയെയും ബാധിച്ചിട്ടുണ്ട്. എങ്കിലും വളർച്ചാ നിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് നോട്ട് നിരോധനമായിരുന്നു. അസംഘടിത മേഖലയിൽ തീരുമാനം സൃഷ്ടിച്ച ആഘാതങ്ങളെ കുറിച്ച് കൃതമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.