മുംബൈ: കുടിശ്ശിക തീർക്കാതെ ഇന്ധനം നൽകില്ലെന്ന എണ്ണകമ്പനികളുടെ തീരുമാനം ഹജ്ജ് യാത്ര ഉൾപ്പെടെയുള്ള എയർ ഇന്ത്യ വിമാന സേവനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. പല സർവിസുകളും മുടങ്ങിയേക്കുമെന്നാണ് സൂചന. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി), ഭാരത് പെട്രോളിയം (ബി.പി) എന്നീ മൂന്ന് എണ്ണക്കമ്പനികൾക്കായി കുടിശ്ശിക ഇനത്തിൽ 4,300 കോടി രൂപയോളമാണ് എയർ ഇന്ത്യ നൽകാനുള്ളത്.
പ്രതിവർഷം 75,000 കോടി രൂപയോളം കടമെടുത്താണ് തങ്ങൾ മുന്നോട്ടു പോകുന്നതെന്ന് ഐ.ഒ.സി ചെയർമാൻ സഞ്ജീവ് സിങ് പറഞ്ഞു. എയർ ഇന്ത്യക്ക് 90 ദിവസം തങ്ങൾ കടം നൽകിയിരുന്നു. എന്നാൽ കുടിശ്ശിക കൂടിക്കൊണ്ടിരിക്കുകയാണ്. പലിശ അടക്കം 2,900 കോടി രൂപയാണ് എയർ ഇന്ത്യ നൽകാനുള്ളത്. സ്വകാര്യ വിമാന കമ്പനിയോട് ബാങ്ക് ഗ്യാരണ്ടി വാങ്ങുന്നതുപോലെ പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയോട് വാങ്ങുന്നില്ല. ഇപ്പോൾ തങ്ങൾക്ക് അൽപം ആശങ്കയുണ്ടെന്നും അതിനാൽ എയർ ഇന്ത്യക്കുള്ള പിന്തുണ തുടരാൻ സാധിക്കില്ലെന്നും സിങ് വ്യക്തമാക്കി.
ആഗസ്റ്റ് 22 മുതൽ മൊഹാലി, റാഞ്ചി, കൊച്ചി, പട്ന, വിശാഖ പട്ടണം, പൂണെ എന്നീ ആറ് വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നത് എണ്ണക്കമ്പനികൾ നിർത്തിവെച്ചിരുന്നു. ഇതിന് പുറമെ സെപ്തംബർ ആറ് മുതൽ ഹൈദരാബാദ്, റായ്പൂർ എന്നീ വിമാനത്താവളങ്ങളിലും എയർ ഇന്ത്യക്ക് ഇന്ധനം നൽകുന്നത് താത്ക്കാലികമായി നിർത്തിവെക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചിരിക്കുകയാണ്.
ഏകദേശം അൻപതോളം സർവീസുകളുള്ള ഹൈദരാബാദും റായ്പൂരും എയർ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളാണ്. ഇവിടങ്ങളിൽ ഇന്ധനം മുടങ്ങുന്നതോടെ പല സർവീസുകളും നിർത്തിവെക്കേണ്ടി വരും. നിലവിൽ 18 കോടിയോളം രൂപയാണ് ഇന്ധന ഇനത്തിൽ എയർ ഇന്ത്യയുടെ പ്രതിദിന ചിലവ്. സെപ്തംബർ ആറിന് മുമ്പ് പലിശ സഹിതം കുടിശ്ശിക മുഴുവൻ കൊടുത്തു തീർക്കണമെന്നതാണ് എയർ ഇന്ത്യക്ക് എണ്ണക്കമ്പനികൾ നൽകുന്ന അന്ത്യ ശാസനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.