ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഇടിഞ്ഞെങ്കിലും പെട്രോൾ, ഡീസൽ ഉപയോ ക്താക്കൾക്ക് പ്രയോജനമില്ല. മുമ്പ് ഉയർത്തി നിശ്ചയിച്ച എക്സൈസ് തീരുവ കുറക്കുന ്നതിൽ കേന്ദ്രസർക്കാറിന് മൗനം. കേന്ദ്രമന്ത്രിസഭ യോഗശേഷം മന്ത്രിമാരായ നിർമല സീതാരാമൻ, പ്രകാശ് ജാവ്ദേക്കർ, പിയൂഷ് ഗോയൽ എന്നിവർ നടത്തിയ വാർത്തസമ്മേളനത്തിൽ, വിഷയം ചോദിച്ചപ്പോൾ മറുപടി പറയാതെ, വാർത്തസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു മന്ത്രിമാർ.
ഡോളർ വിനിമയത്തിൽ രൂപയുടെ മൂല്യവുമായി തട്ടിച്ചു നോക്കിയാൽ പെട്രോൾ ലിറ്ററിന് 39.76 രൂപക്ക് ഉപയോക്താവിന് കിട്ടേണ്ടതാണ്. ഡീസൽ 31.58 രൂപക്കും. പാചകവാതക സിലിണ്ടർ 300 രൂപക്ക് നൽകാം. എന്നാൽ, പെട്രോൾ 70 രൂപക്കു മുകളിലാണ്, ഡീസലിന് 63ലേറെയും. സബ്സിഡിയില്ലാത്ത എൽ.പി.ജി സിലിണ്ടറിന് 800 രൂപക്കുമേൽ. പെട്രോളിന് നികുതി ഇനത്തിൽ ഈടാക്കുന്നത് ചുരുങ്ങിയത് 30 രൂപയാണ്, ഡീസലിന് 31ഉം.
ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആഗോള വിപണിയിൽ അംസ്കൃത എണ്ണ വില ബാരലിന് 6,318.76 രൂപയായിരുന്നു. ഇന്ന് 2,799.38 രൂപ. 15 വർഷം മുമ്പ് പെട്രോൾ 38, ഡീസൽ 27, ഗ്യാസ് 282 രൂപ വീതമായിരുന്നു. അന്നത്തെ അതേ നിരക്കാണ് ഇന്ന് അസംസ്കൃത എണ്ണക്ക് ആഗോള വിപണിയിൽ. എന്നാൽ, എണ്ണക്കമ്പനികൾ പെട്രോളിന് കുറച്ചത് ലിറ്ററിൻമേൽ 2.69, ഡീസലിന് 2.33 രൂപ വീതവും.
പെട്രോളിനും ഡീസലിനും ഭീമമായ നികുതി ചുമത്തി അഞ്ചു വർഷംകൊണ്ട് 16 ലക്ഷം കോടി രൂപ ജനങ്ങളിൽനിന്ന് സർക്കാർ കൊള്ളയടിച്ചുവെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരണമെന്ന ആവശ്യവും സർക്കാർ കണക്കിലെടുക്കുന്നില്ല. 35 ശതമാനം വിലയിടിവ് ജനങ്ങൾക്കു നൽകുന്നത് നക്കാപ്പിച്ചയാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.