കൊച്ചി: പുതുവർഷം പിറക്കാനിരിക്കെ രാജ്യത്ത് പെട്രോൾ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കി ൽ. ഡീസൽവില ഒമ്പതു മാസത്തെ കുറഞ്ഞ നിലയിലുമെത്തി. ഞായറാഴ്ച തിരുവനന്തപുരത്ത് പെ ട്രോൾ ലിറ്ററിന് 23 പൈസ കുറഞ്ഞ് 72.21 രൂപയും ഡീസലിന് 24 പൈസ കുറഞ്ഞ് 67.86 രൂപയുമായി.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില താഴ്ന്നതാണ് കാരണം. കഴിഞ്ഞ ജനുവരി ഒന്നിന് തിരുവനന്തപുരത്ത് പെട്രോളിന് 73.77 രൂപയും ഡീസലിന് 64.87 രൂപയുമായിരുന്നു. പിന്നീട് ഒാരോ ദിവസവും വില കൂടി. മേയ് 31ന് വില യഥാക്രമം 82.58 രൂപയും ഡീസലിന് 75.18 രൂപയുമായി. ജൂൺ ഒന്നിന് ലിറ്ററിന് ഒരു രൂപ വീതം സംസ്ഥാന സർക്കാർ നികുതിയിളവ് പ്രഖ്യാപിച്ചു. ഇതുകൊണ്ടും വിലക്കയറ്റം പിടിച്ചുനിർത്താനായില്ല.
ഒക്ടോബർ ഒന്നിന് പെട്രോളിന് 87.12 രൂപയിലും ഡീസലിന് 80.36 രൂപയിലുമെത്തി സർവകാല റെക്കോഡ് കുറിച്ചു. തുടർന്ന്, 1.50 രൂപ നികുതിയിനത്തിലും ഒരു രൂപ എണ്ണക്കമ്പനികളും എന്ന രീതിയിൽ ലിറ്ററിന് 2.50 രൂപ വീതം കേന്ദ്രം കുറച്ചു. അടിക്കടി വില ഉയർന്നതോടെ ദിവസങ്ങൾക്കകം ഇൗ ഇളവിെൻറ നേട്ടവും നഷ്ടപ്പെട്ടു. മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 67.59 രൂപയായിരുന്നു. പിന്നീട് ഉയർന്നുതുടങ്ങിയ വില 68 രൂപക്ക് താഴെ എത്തുന്നത് ഇപ്പോഴാണ്.
ഒക്ടോബറിൽ അസംസ്കൃത എണ്ണവില ബാരലിന് 81.03 ഡോളറായിരുന്നു. ഇപ്പോഴത് 53.21 ഡോളറാണ്. എണ്ണവില ഇടിഞ്ഞത് ഇന്ധനവില താഴാൻ കാരണമായി ഇപ്പോൾ പറയുന്നുണ്ടെങ്കിലും മുമ്പ് എണ്ണവില താഴ്ന്നപ്പോഴൊന്നും ആനുപാതികമായി ഇന്ധനവില കുറച്ചിരുന്നില്ല. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ വിലക്കുറവിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.