കൊച്ചി/ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവിലയിൽ പകച്ച് കേരളം. രാജ്യത്ത് ഡീസൽ വില ഏറ്റവും കൂടിയ രണ്ടാമത്തെ നഗരമായും തിരുവനന്തപുരം മാറി. കർണാടക തെരഞ്ഞെടുപ്പിന് മുമ്പ് തുടർച്ചയായി 19 ദിവസം മാറാതെ നിന്ന പെട്രോൾ, ഡീസൽ വില അതിനുശേഷം തുടർച്ചയായി ഏഴാം ദിവസവും വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമാണ് ഞായറാഴ്ചത്തെ വില.
കൊച്ചിയിൽ യഥാക്രമം 78.95, 71.95 രൂപയും. ഒരാഴ്ചക്കിടെ പെട്രോളിന് 1.74 രൂപയും ഡീസലിന് 1.82 രൂപയും വർധിച്ചു. ഇന്നലെ മാത്രം യഥാക്രമം 35 പൈസയും 28 പൈസയും കൂടി. ഇന്ധനവിലയിലെ കുതിപ്പ് സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റമടക്കം സാധാരണക്കാരെ ബാധിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങുമെന്നാണ് സൂചന.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വിലയുടെ വർധനവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയും തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അസംസ്കൃത എണ്ണവില ബാരലിന് 78.51ഡോളറിലെത്തി. കർണാടക തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ പ്രതിദിന വില നിർണയം നിർത്തിവെച്ചതിലൂടെയുണ്ടായ നഷ്ടം നികത്താനാണ് ഇപ്പോൾ എണ്ണക്കമ്പനികൾ കേന്ദ്രത്തിെൻറ ഒത്താശയോടെ കുത്തനെ വില വർധിപ്പിക്കുന്നതെന്ന് ആരോപണമുണ്ട്.
ഇന്ധനവില സർവകാല റെക്കോഡിലെത്തിയതോടെ ചരക്കുനീക്കത്തിെൻറ ചെലവും കൂടിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ചരക്കുനീക്കത്തിന് ഡീസൽ വിലക്കനുസൃതമായി ലോറികൾ വാടക വർധിപ്പിച്ചുവരുകയാണ്. ഇൗ സാഹചര്യത്തിൽ സാധനങ്ങൾക്ക് വില വർധിപ്പിക്കാൻ നിർബന്ധിതരാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇന്ധനവില വർധന കെ.എസ്.ആർ.ടി.സിക്കും അധിക ബാധ്യത വരുത്തിവെച്ചിട്ടുണ്ട്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുകയും ഇന്ധനത്തിന് സർക്കാർ സബ്സിഡി അനുവദിക്കുകയും ചെയ്യണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകളും രംഗത്തുണ്ട്.
ഡൽഹിയിൽ 33 പൈസ കൂട്ടിയതോടെ പെട്രോളിന് 76.24 രൂപയും 26 പൈസ കൂട്ടിയതോടെ ഡീസലിന് 67.57 രൂപയുമായി. ഇതിനുമുമ്പ് ഏറ്റവും വലിയ വർധനയുണ്ടായ 2013 സെപ്റ്റംബർ 14ലെ 76.06 രൂപയുടെ റെക്കോഡാണ് ഡൽഹിയിൽ ഇപ്പോൾ മറികടന്നത്. ഡൽഹിയെ അപേക്ഷിച്ച് വിവിധ സംസ്ഥാനങ്ങളിൽ വില വളരെ കൂടുതലാണ്. മിക്ക നഗരങ്ങളിലും ഇത് 80 കടന്നുനിൽക്കുകയാണ്.
പെട്രോളിന് മുംബൈയിൽ 84.07 രൂപയും ഭോപാലിൽ 81.83 രൂപയും പട്നയിൽ 81.73 രൂപയും ഹൈദരാബാദിൽ 80.76 രൂപയും ശ്രീനഗറിൽ 80.35 രൂപയുമാണ് വില. സംസ്ഥാന തീരുവയിലെ കുറവുമൂലം കൊൽക്കത്തയിൽ 78.91 രൂപയും ചെന്നൈയിൽ 79.13 രൂപയുമാണ്.
ഡീസലിന് ൈഹദരാബാദിലാണ് ഏറ്റവും കൂടുതൽ വില. ലിറ്ററിന് 73.45 രൂപ. റായ്പുരിൽ 72.96 രൂപയും ഗാന്ധിനഗറിൽ 72.63 രൂപയും ഭുവനേശ്വറിൽ 72.43 രൂപയും പട്നയിൽ 72.24 രൂപയും ജയ്പുരിൽ 71.97 രൂപയും റാഞ്ചിയിൽ 71.35 രൂപയും ഭോപാലിൽ 71.12 രൂപയും ശ്രീനഗറിൽ 70.96 രൂപയുമാണ് ഡീസലിന് വില. കൂട്ടിയ എക്സൈസ് തീരുവ കുറക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വ്യക്തമാക്കി. കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.