ന്യൂഡൽഹി: വിദേശ കറൻസികളിൽ സോവറീൻ ബോണ്ടുകൾ പുറത്തിറക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് പ്രധാനമന്ത് രിയുടെ ഓഫീസ് ധനവകുപ്പിന് നിർദേശം നൽകി. ബജറ്റിലാണ് വിദേശ കറൻസികളിൽ സോവറീൻ ബോണ്ടുകൾ പുറത്തിറക്കുമെന്ന് ധന മന്ത്രി നിർമലാ സീതാരാമൻ അറിയിച്ചത്.
ബജറ്റ് പ്രഖ്യാപനം വന്നതിന് പിന്നാലെ സാമ്പത്തിക വിദഗ്ധർ ബോണ്ടുകൾക്കെതിരെ രംഗത്തെത്തിയിരുന്നു. സോവറീൻ ബോണ്ടുകൾ പുറത്തിറക്കിയാൽ കറൻസി വിനിമയ നിരക്കിലുണ്ടാവുന്ന വ്യതിയാനങ്ങൾ മൂലം ഇന്ത്യക്ക് വൻ ബാധ്യതയുണ്ടാവുമെന്നായിരുന്നു വിമർശനം. പുതിയ സാഹചര്യത്തിൽ വിദേശ വിപണികളിൽ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ടുകൾ പുറത്തിറക്കാനാണ് സാധ്യത കൂടുതൽ. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ധനകാര്യ മന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫീസോ സ്ഥിരീകരിച്ചിട്ടില്ല.
ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗാണ് വിദേശ രാജ്യങ്ങളിൽ രൂപയിലല്ലാതെ മറ്റ് കറൻസികളിൽ സോവറീൻ ബോണ്ടുകൾ പുറത്തിറക്കാമെന്ന ആശയം മുന്നോട്ട് വെച്ചത്. ഗാർഗ് പദവി രാജിവെക്കുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സോവറീൻ ബോണ്ടുകൾ പുറത്തിറക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറിയതാണ് ഗാർഗിൻെറ പെട്ടെന്നുള്ള രാജി വാർത്തകൾക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.