ന്യൂഡൽഹി: ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസോ നടത്തിയ ദുരൂഹ നിക്ഷേപംവഴി അനിൽ അംബാനിയുടെ നിർജീവ കമ്പനി 289 കോടി രൂപ അനധികൃത ലാഭമുണ്ടാക്കിയതായി റിപ്പോർട്ട്. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാൽ ഇടപാട് പ്രഖ്യാപിച്ചതിനുശേഷം അനിൽ അംബാനി രൂപവത്കരിച്ച റിലയൻസ് എയർപോർട്ട് ഡെവലപ്പേഴ്സ് ലിമിറ്റഡ്(ആർ.എ.ഡി.എൽ) എന്ന കമ്പനിയിലാണ് ദസോ 2017ൽ 40 ദശലക്ഷം യൂറോ (ഏകദേശം 330 കോടി രൂപ) നിക്ഷേപം നടത്തിയത്. റഫാൽ പോർവിമാന ഇടപാടിനായി റിലയൻസ്-ദസോ സംയുക്ത സംരംഭം രൂപവത്കരിച്ചതിന് പിന്നാലെയായിരുന്നു നിക്ഷേപം.
ഒാഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്തതും നഷ്ടത്തിൽ പ്രവർത്തിക്കുന്നതും ഒരു രൂപപോലും വരുമാനമില്ലാത്തതുമായ കമ്പനിയിലാണ് ഫ്രഞ്ച് കമ്പനി നിക്ഷേപം നടത്തിയത്. 34.7 ശതമാനം ഒാഹരികളാണ് ഇത്രയും തുക മുടക്കി ദസോ വാങ്ങിയത്. ഇൗ കമ്പനിയിൽ ഇത്രയും വലിയ തുകയുടെ നിക്ഷേപം നടത്താൻ വിദേശ കമ്പനി എങ്ങനെയാണ് ഒാഹരി മൂല്യം നിർണയിച്ചതെന്നോ ദസോയുടെ ബിസിനസ് മേഖലയിൽ വരാത്ത ഇന്ത്യൻ കമ്പനിയിൽ അവർ നിക്ഷേപം നടത്തിയത് എന്തിനെന്നോ ദുരൂഹമായി തുടരുകയാണ്.
10 രൂപ മുഖവിലയുള്ള 24,83,923 ഒാഹരികളാണ് ആർ.എ.ഡി.എൽ ദസോക്ക് വിറ്റതായി 2017-18 വർഷത്തെ റിലയൻസ് കമ്പനിയുടെ പൊതുരേഖകളിൽ കാണുന്നത്. 2017ൽ 10.35 ലക്ഷം രൂപ നഷ്ടവും ആറുലക്ഷം രൂപ ലാഭവും 2016ൽ ഒമ്പതു ലക്ഷം നഷ്ടവുമാണ് കമ്പനി കാണിച്ചിരിക്കുന്നത്. ഇതേ കമ്പനി റിലയൻസിനു കീഴിലെ മറ്റ് ഉപ കമ്പനികളിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ഇൗ കമ്പനികളിൽ ഭൂരിപക്ഷവും നഷ്ടത്തിൽ പ്രവർത്തിക്കുന്നവയാണ്.
മഹാരാഷ്ട്ര സർക്കാർ അനുവദിക്കുന്ന വിമാനത്താവള ജോലികളാണ് പ്രധാനമായും ആർ.എ.ഡി.എൽ ചെയ്തിരുന്നത്. റിലയൻസ് കമ്പനിയുടെ 35 ശതമാനം ഒാഹരി ഏറ്റെടുത്ത് ഇന്ത്യയിലെ സാന്നിധ്യം ശക്തിപ്പെടുത്തിയെന്ന് ദസോ കമ്പനി ഫ്രാൻസിൽ നൽകിയ വാർഷിക റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. എന്നാൽ, അടുത്തിടെ ദസോ കമ്പനി സി.ഇ.ഒ എറിക് ട്രാപ്പിയർ ‘ഇക്കണോമിക് ടൈംസ്’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആർ.എ.ഡി.എല്ലിലെ നിക്ഷേപ വിവരം മറച്ചുവെച്ചതായി ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ട ‘ദി വയർ’ വാർത്ത വെബ്സൈറ്റ് ആരോപിക്കുന്നു.
റഫാലിെൻറ വില സുപ്രീംേകാടതിയോടും പറയില്ല –കേന്ദ്രം
ന്യൂഡൽഹി: റഫാൽ വിമാനങ്ങൾക്ക് മോദി സർക്കാർ കണക്കാക്കിയ വില സുപ്രീംകോടതിയോടും പറയാനാവില്ലെന്ന് കേന്ദ്ര സർക്കാർ. വില അറിയിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതിക്ക് സത്യവാങ്മൂലം നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. റഫാൽ വിമാനങ്ങൾക്ക് നിർണയിച്ച വില വെളിപ്പെടുത്താനാവില്ലെന്നും അത് രഹസ്യസ്വഭാവമുള്ളതാണെന്നും സർക്കാർ വാദിച്ചപ്പോൾ എങ്കിൽ അക്കാര്യം സത്യവാങ്മൂലമായി സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
അതിന് പിറകെയാണ് ഇേത നിലപാട് കോടതിക്ക് പുറത്തും കേന്ദ്ര സർക്കാർ ആവർത്തിച്ചത്. 36 റഫാൽ വിമാനങ്ങൾക്ക് സർക്കാർ കണക്കാക്കിയ വിലയും ഉൾപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചപ്പോൾ അത് പറ്റില്ലെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. ഹരജിക്കാർക്ക് നൽകാനാവില്ലെങ്കിൽ മുദ്രവെച്ച കവറിൽ സുപ്രീംകോടതിക്ക് നൽകൂ എന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. അതിനും സാധ്യമല്ലെന്നും റഫാലിെൻറ വില പാർലമെൻറിൽപോലും വെളിപ്പെടുത്താനാവില്ലെന്നുമായിരുന്നു വേണുഗോപാലിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.