ന്യൂഡല്‍ഹി: ബാങ്കിങ് മേഖല അടുത്ത് നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധി മുദ്ര വായ്പകളില്‍ നിന്നായിരിക്കുമെന്ന് റിസർവ് ബാങ്ക് മുന്ഗവര്ണര് രഘുറാം രാജൻ. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുവഴിയുള്ള വായ്പ കാലാവധി നീട്ടി നൽകുന്നതും വെല്ലുവിളിയാകും. ബാങ്കുകളിലെ നിഷ്ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് പാര്‍ലമെൻറിെൻറ എസ്റ്റിമേറ്റ്സ് കമ്മിറ്റിക്ക് നൽകിയ 17 പേജ് റിപ്പോര്‍ട്ടിലാണ് രാജെൻറ മുന്നറിയിപ്പെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. അസംഘടിത മേഖലയിലെ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും സ്വയം സഹായസംരംഭങ്ങള്ക്കും നല്കുന്ന വായ്പയാണ് മുദ്ര. 6.37 ലക്ഷം കോടി രൂപയാണ് ഇതിൽനിന്ന് ഇതിനകം വായ്പ നൽകിയത്. പൊതു, സ്വകാര്യമേഖല ബാങ്കുകൾക്കും ഗ്രാമീണ ബാങ്കുകൾക്കും ചെറുകിട സാമ്പത്തിക സ്ഥാപനങ്ങൾക്കുമാണ് തുക നൽകിയത്.
2015ല്‍ എൻ.ഡി.എ സര്‍ക്കാരാണ് പ്രധാനമന്ത്രി മുദ്രാ യോജന(പി.എം.എം.വൈ) ആരംഭിച്ചത്. മുദ്രാ വായ്പയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡും ജനകീയമാണ്. എന്നാല്‍, തിരിച്ചടവിെൻറ കാര്യത്തിൽ ഇൗ പദ്ധതി സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. കൃഷിമേഖലക്ക് ശ്രദ്ധ നൽകണമെങ്കിലും വലിയ തോതില്‍ വായ്പ നല്കുന്നതില്നിന്നും എഴുതിത്തള്ളുന്നതില്നിന്നും സര്‍ക്കാര്‍ പിന്തിരിയണം. മുദ്ര വായ്പയും കിസാൻ ക്രെഡിറ്റ് കാർഡും ചെറുകിട നാമമാത്രമേഖലക്ക് നൽകുന്ന വായ്പ ഗാരൻറിയും കിട്ടാക്കടമാകുന്നത് പ്രശ്നമാകും.
വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുന്നവർക്കും ഉന്നത സ്വാധീനമുള്ള ഇടപാടുകാർക്കും പൊതുമേഖല ബാങ്കുകൾ ഒട്ടേറെ വായ്പ നൽകിയതാണ് കിട്ടാക്കടം പെരുകിയതിെൻറ ഒരു കാരണം. ബാങ്കും വായ്പക്കാരനും സാഹചര്യവുമാണ് കിട്ടാക്കടം സൃഷ്ടിക്കുന്നത്. അതിനു നിയന്ത്രണ സംവിധാനത്തെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. വാണിജ്യ വായ്പകളുടെ കാര്യത്തിൽ റിസർവ് ബാങ്ക് പങ്കാളിയല്ല. പൊതുമേഖലാ ബാങ്കുകളുടെ ഭരണസമിതിക്ക് പ്രഫഷനൽ സ്വഭാവം കുറവാണ്. ബോർഡുകളിലേക്കുള്ള നിയമനം നടത്തുന്നത് സർക്കാരാണ്. അത് രാഷ്ട്രീയവത്കരണത്തിന് ഇടയാക്കുന്നുണ്ടെന്നും രഘുറാം രാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.