ന്യൂഡൽഹി: സർക്കാറും റിസർവ് ബാങ്കുമായുള്ള ഉരസലിനിടയിൽ ബാങ്കിെൻറ നിർണായക ബോർഡ് േയാഗം ഇന്ന്. സ്വയംഭരണ സ്വാതന്ത്ര്യമുള്ള റിസർവ് ബാങ്കിനെ നിയന്ത്രിക്കാൻ കഴിയുന്നവിധം മേൽനോട്ട സമിതി കൊണ്ടുവരാനുള്ള പുറപ്പാടിലാണ് സർക്കാർ. ഇതേച്ചൊല്ലിയുള്ള അഭിപ്രായഭിന്നതകൾ ഗവർണർ ഉർജിത് പേട്ടലിനെ രാജിയുടെ വക്കോളമെത്തിച്ച പശ്ചാത്തലത്തിൽകൂടിയാണ് തിങ്കളാഴ്ചത്തെ യോഗം.
നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചശേഷമുള്ള സാമ്പത്തിക മാന്ദ്യത്തിെൻറ പശ്ചാത്തലത്തിൽ റിസർവ് ബാങ്കിനെ വരുതിയിൽ കൊണ്ടുവരാൻ മോദിസർക്കാർ പടിപടിയായി കരുനീക്കങ്ങൾ നടത്തിയിരുന്നു. ഉപദേശസ്വഭാവമുള്ള റിസർവ് ബാങ്ക് ബോർഡിൽ സർക്കാറിന് വേണ്ടപ്പെട്ട കുറെപ്പേരെ ഇതിനകം തിരുകിയിട്ടുണ്ട്. തിങ്കളാഴ്ച അവർ എടുക്കുന്ന നിലപാടുകൾ റിസർവ് ബാങ്കിെൻറ താൽപര്യങ്ങളെ സ്വാധീനിച്ചേക്കും.
ബോർഡിൽ 18 അംഗങ്ങളാണുള്ളത്. റിസർവ് ബാങ്ക് ഗവർണറും നാലു െഡപ്യൂട്ടി ഗവർണർമാരും ബാങ്കിെൻറ സ്വയംഭരണ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ച് സർക്കാറുമായി ഏറ്റുമുട്ടലിെൻറ വഴിയിലാണ്. ധനമന്ത്രാലയത്തിൽനിന്ന് രണ്ടുപേർ അടക്കം അഞ്ചു പേർ സർക്കാർ തലത്തിൽ നിന്നുള്ളവരാണ്. രണ്ടു പേർ പ്രധാനമന്ത്രിയും ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ളവർ. നാലു പേർ വ്യവസായ പശ്ചാത്തലമുള്ളവർ.
ഇങ്ങനെ സർക്കാറിന് സ്വാധീനിക്കാവുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പുതിയ േബാർഡ് അംഗങ്ങളെ റിസർവ് ബാങ്ക് തന്നെ നിർദേശിക്കുകയോ നിയമനത്തിൽ ഗവർണറുമായി സർക്കാർ കൂടിയാലോചിക്കുകയോ ചെയ്യുന്ന മുൻകാല കീഴ്വഴക്കം മോദിസർക്കാർ അട്ടിമറിച്ചു. അത്തരം കൂടിയാലോചനകളൊന്നും നിയമനങ്ങളിൽ നടക്കുന്നില്ല. ആഗസ്റ്റിൽ എസ്. ഗുരുമൂർത്തി, സതീഷ് മറാത്തെ എന്നിവർ ബോർഡിൽ കടന്നുവന്നു. രണ്ടുപേരും സുവ്യക്തമായ ബി.ജെ.പി പശ്ചാത്തലമുള്ളവർ. കഴിഞ്ഞ മാസമാണ് റിട്ട. ഉദ്യോഗസ്ഥൻ രേവതി അയ്യർ, ഡൽഹിയിൽനിന്നുള്ള സചിൻ ചതുർവേദി എന്നിവരെ നിയോഗിച്ചത്.
റിസർവ് ബാങ്കിെൻറ താൽപര്യങ്ങൾക്കു വിരുദ്ധമായി സർക്കാർ താൽപര്യങ്ങൾക്കുവേണ്ടി വാദിക്കുന്നത് ബോർഡ് നടപടികളെത്തന്നെ ബാധിച്ചിട്ടുണ്ട്. തർക്കങ്ങൾമൂലം കഴിഞ്ഞ മാസം 23നു നടന്ന ബോർഡ് യോഗം എട്ടു മണിക്കൂറാണ് നീണ്ടത്. 12 അജണ്ട ഇനങ്ങളിൽ രണ്ടെണ്ണം മാത്രമാണ് പരിഗണിക്കാൻ കഴിഞ്ഞത്. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് സമ്പദ്രംഗത്ത് കൃത്രിമമായ ഉദാരതയും ഉണർവും സൃഷ്ടിച്ച് മാന്ദ്യത്തിെൻറ അന്തരീക്ഷം മറയ്ക്കാനാണ് സർക്കാർ താൽപര്യപ്പെടുന്നത്. നോട്ട് അസാധുവാക്കൽ, ജി.എസ്.ടി എന്നിവയുടെ ദോഷഫലങ്ങൾക്ക് ഇരയായി തകർന്ന ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് കൂടുതൽ വായ്പ നൽകാൻ വ്യവസ്ഥകളിൽ ഇളവു നൽകണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു. അതിനു പാകത്തിൽ പൊതുമേഖല ബാങ്കുകളുടെ മൂലധനശേഷി വർധിപ്പിക്കാൻ റിസർവ് ബാങ്ക് കരുതൽനിധിയിലും വ്യവസ്ഥകളിലും ഉദാരത കാട്ടണം. റിസർവ് ബാങ്കിെൻറ പക്കലുള്ള കരുതൽനിധിയിൽ 3.6 ലക്ഷം കോടി രൂപ പാക്കേജ് രൂപത്തിലും മറ്റുമുള്ള ആശ്വാസനടപടികൾക്കായി വിട്ടുകിട്ടണമെന്നും സർക്കാറിന് താൽപര്യമുണ്ട്. ഇതിന് റിസർവ് ബാങ്ക് വഴങ്ങാത്തതുകൊണ്ടാണ് റിസർവ് ബാങ്കിനെ നിയന്ത്രിക്കാൻ കഴിയുന്ന മേൽനോട്ട സമിതി രൂപവത്കരിക്കാൻ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.