2000 രൂപ നോട്ട് ആർ.ബി.ഐ പിൻവലിച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് പ്രാബല്യത്തിൽ ഉള്ളതും സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്നതുമായ 2000 രൂപ നോട്ട് പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ട്. റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ ഇതുവരെ അച്ചടിച്ച മുഴുവൻ 2,000 രൂപ നോട്ടിന്‍റെ മൂല്യവും നിലവിൽ ഉപയോഗിക്കുന്ന പുതിയ നോട്ടിന്‍റെ മൂല്യവും തമ്മിലുള്ള അന്തരമാണ് ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് തയാറാക്കിയ റിസർച് റിപ്പോർട്ടിലാണ് പുതിയ 2,000 രൂപ നോട്ടിന്‍റെ ഒരു ഭാഗം വിപണിയിൽ എത്തിയിട്ടില്ലെന്ന നിഗമനമുള്ളത്. 

ഡിസംബർ എട്ടുവരെ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിച്ച നോട്ടുകളുടെ ആകെ മൂല്യം 13.3 ലക്ഷം കോടി രൂപയാണ്. അതേസമയം, കേന്ദ്ര ധനമന്ത്രാലയം ലോക്സഭയിൽ നൽകിയ വാർഷിക കണക്ക് പ്രകാരം 16,957 ദശലക്ഷം 500 രൂപ നോട്ടുകളും 3,654 ദശലക്ഷം 2,000 രൂപ നോട്ടുകളുമാണ് അച്ചടിച്ചത്. ഇവയുടെ ആകെ മൂല്യം 15.7 ലക്ഷം കോടി രൂപയും. കണക്ക് പ്രകാരം അച്ചടിച്ച ഉയർന്ന നോട്ടുകളിൽ 2.4 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഇതുവരെ വിപണിയിലെത്തിയില്ല എന്നതാണ് വസ്തുത. 

2016 നവംബർ എട്ടിനാണ് പ്രാബല്യത്തിൽ ഉണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പഴയതിന് പകരം പുതിയ 500, 2000 നോട്ടുകൾ ആർ.ബി.ഐ പുറത്തിറക്കുകയും ചെയ്തു. എന്നാൽ, മുന്നറിയിപ്പില്ലാതെ നോട്ടുകൾ പിൻവലിച്ചത് വിപണിയിൽ വൻ സാമ്പത്തിക പ്രതിസന്ധിക്കാണ് വഴിവെച്ചത്. 


 

Tags:    
News Summary - Reserve Bank of India holding back Rs 2000 notes says SBI Report -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.