റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ കുറച്ച് ആർ.ബി.ഐയുടെ വായ്പാ നയം

ന്യൂഡൽഹി: റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനത്തിൽ നിന്ന് 5.40 ശതമാനമായി കുറഞ്ഞു.

വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന് നൽകുന്ന പലിശ നിരക്കായ റിവേഴ്സ് റിപ്പോ നിരക്ക് 5.15 ശതമാനമായും ആറംഗ വായ്പാ നയ അവലോകന യോഗം കുറച്ചിട്ടുണ്ട്. നേരത്തെ, റിവേഴ്സ് റിപ്പോ നിരക്ക് 5.50 ശതമാനം ആയിരുന്നു.

ഈ വർഷത്തിൽ തുടർച്ചയായ നാലാം തവണയാണ് ആർ.ബി.ഐ റിപ്പോ നിരക്ക് കുറക്കുന്നത്. മൊത്തത്തിൽ 110 ബേസിക് പോയിന്‍റിന്‍റെ കുറവാണ് ഇതുവരെ വരുത്തിയത്. റിപ്പോ നിരക്ക് കുറച്ചത് പലിശ നിരക്ക് കുറയുന്നതിന് വഴിവെക്കും. ഭവന വായ്പാ, വ്യക്തിഗത വായ്പ അടക്കമുള്ള വായ്പകളുടെ പലിശകളും നിക്ഷേപങ്ങളുടെ പലിശകളും വാണിജ്യ ബാങ്കുകൾ കുറക്കേണ്ടി വരും.

മൺസൂൺ ശക്തിപ്പെടുന്നതും രാജ്യാന്തര വിപണിയിൽ എണ്ണ വില കുറയുന്നതും വഴി നാല് ശതമാനത്തിലും താഴേക്കും വിലക്കയറ്റ തോത് കുറയുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പലിശ കുറക്കുന്നത് ഗുണകരമാവും. ഇതുവഴി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കൂടുതൽ പണലഭ്യത ഉറപ്പാക്കുകയാണ് പുതിയ വായ്പാ നയം കൊണ്ട് ആർ.ബി.ഐ ലക്ഷ്യമിടുന്നത്.

ആഭ്യന്തര മൊത്ത ഉല്‍പാദനം (ജി.ഡി.പി) 2019-2020ല്‍ നേരത്തേ കണക്കാക്കിയിരുന്ന 7 ശതമാനത്തില്‍ നിന്ന് 6.9 ആയി കുറയാനാണ് സാധ്യത.

Tags:    
News Summary - Reserve Bank of India (RBI) cuts Repo Rate and Reverse Repo rate -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.