കുഴൽമന്ദം (പാലക്കാട്): നീണ്ട ഇടവേളക്ക് ശേഷം അരിവില താഴോട്ട്. സംസ്ഥാനത്തെ പ്രധാന അരി വിപണിയായ പാലക്കാട്ട് കിലോക്ക് ശരാശരി രണ്ട് മുതൽ അഞ്ച് രൂപയുടെ കുറവുണ്ടായതായി വ്യാപാരികൾ പറഞ്ഞു. രണ്ടാംവിള കൊയ്ത്താരംഭിച്ചതും ഇതര സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ നിരക്കിൽ അരി എത്തുന്നതുമാണ് കാരണം. കുറുവ അരി മൊത്തവിപണിയിൽ രണ്ടാഴ്ചക്കിടെ കിലോക്ക് 34ൽനിന്ന് 29 രൂപയായി കുറഞ്ഞു. പൊന്നിയരി ഗുണനിലവാരമനുസരിച്ച് 30 രൂപ മുതൽ 35 വരെയാണ്. നേരേത്ത 38-40 ആയിരുന്നു. അതേസമയം, പാലക്കാടൻ മട്ടക്ക് വില താഴ്ന്നിട്ടില്ല. 38 രൂപയിൽ തുടരുന്നു.
ഇടത്തരക്കാരും സാധാരണക്കാരും കൂടുതലായി ഇഷ്ടപ്പെടുന്ന ജയ അരിക്കും രണ്ട് രൂപയോളം കുറഞ്ഞു. 38-40 വിലയുണ്ടായിരുന്ന ജയക്ക് 36-38 രൂപയാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ആവശ്യത്തിന് ഇൗ അരി എത്തുന്നതായി വ്യാപാരികൾ പറഞ്ഞു. കേരളവിപണി മാത്രം ലക്ഷ്യമിട്ടാണ് ഇതരസംസ്ഥാന കർഷകർ ഇത്തരം നെല്ല് കൃഷിയിറക്കുന്നത്. കേരളം അരിക്കായി ആശ്രയിക്കുന്ന സംസ്ഥാനങ്ങളിൽ വിളവെടുപ്പ് സീസണായതിനാൽ ഇനിയും വില കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. എന്നാൽ, വില കുറഞ്ഞിട്ടും അരിവിപണിയിൽ മാന്ദ്യം തുടരുന്നതായി വ്യാപാരികൾ പറഞ്ഞു. സപ്ലൈകോ, മാവേലി കടകളിലൂടെ 25 രൂപ നിരക്കിൽ അരിവിതരണം നടത്തുന്നതും വില കുറയാൻ കാരണമായി.
രണ്ടാംവിള സംഭരണത്തിൽ പാലക്കാട് ജില്ലയിൽ മാത്രമാണ് ഉൽപാദനത്തിൽ ഇടിവുണ്ടാകാൻ സാധ്യത. ഏകദേശം 30,000 ടൺ കുറവ് വരുമെന്നാണ് വിലയിരുത്തൽ. മലപ്പുറം, തൃശൂർ ജില്ലകളിൽ ഇത്തവണ ഉൽപാദനം വർധിക്കുമെന്നാണ് സിവിൽ സപ്ലൈസ് കോർപറേഷൻ വിലയിരുത്തൽ. സംഭരിച്ച നെല്ല് അരിയാക്കി റേഷൻകടകളിൽ എത്തുന്നതോടെ വില ഇനിയും താഴും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.