ന്യൂഡൽഹി: കോവിഡ് 19 മഹാമാരിയെ തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ സാഹായമാവ ശ്യമെങ്കിൽ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ സന്നദ്ധനാണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജൻ. എൻ.ഡി.ടി.വിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം സന്നദ്ധത അറിയിച്ചത്. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് ആഴ്ച്ചകളായി അടച്ചുപൂട്ടിയ രാജ്യത്തെ ബാങ്കിങ്, വ്യോമയാന മേഖലകളടക്കം വലിയ ആഘാതമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
അമേരിക്കയിൽ അധ്യാപകനായ രഘുറാം രാജൻ, ഇന്ത്യക്ക് നിലവിലെ അവസ്ഥയിൽ സാമ്പത്തിക മേഖലയിൽ സഹായം ആവശ്യമെങ്കിൽ വരാൻ തയാറാണോ എന്ന ചോദ്യത്തിന് ‘നേരെ ചൊവ്വേ പറയുകയാണെങ്കിൽ അതെ എന്ന ഉത്തരമായിരിക്കും’ നൽകുക എന്നാണ് മറുപടി നൽകിയത്.
ഇറ്റലിയിലും അമേരിക്കയിലും പടർന്നുപിടിച്ചത് പോലെ നമ്മുടെ രാജ്യത്ത് വൈറസ് പടർന്നാൽ അത് ഗൗരവത്തിലെടുക്കേണ്ടതുണ്ട്. നിരവധി മരണങ്ങളും ആശുപത്രികൾക്കുണ്ടായ അമിതഭാരവും ഒക്കെയായി പശ്ചാത്യരാജ്യങ്ങളിൽ അത് പൊതുജനാരോഗ്യ രംഗത്താണ് വലിയ പ്രതിസന്ധിയുണ്ടാക്കിയത്. ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുകയാണെങ്കിൽ സാമ്പത്തിക പ്രവർത്തനങ്ങളെയും അത് മോശമായി ബാധിക്കും. -അദ്ദേഹം പറഞ്ഞു.
ലോകം ഇന്ന് കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അടുത്ത വർഷം അതിലൊരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ, അത് ഇൗ മഹാമാരി തിരിച്ചുവരാതിരിക്കാൻ നമ്മൾ എടുക്കുന്ന മുൻകരുതലിനനുസരിച്ചിരിക്കും. - അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.