ലണ്ടൻ: ബാങ്ക് വായ്പ തിരിച്ചടക്കാതെ രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ബ്രിട്ടനിലെ ആസ്തികൾ ഏറ്റെടുക്കാൻ യു.കെ ഹൈകോടതി ഉത്തരവ്. മല്യയിൽ നിന്ന് വായ്പാതുക തിരിച്ചുപിടിക്കാൻ കോടതിയെ സമീപിച്ച ഇന്ത്യയിലെ 13 ബാങ്കുകളുടെ കൺസോർട്യത്തിന് ആശ്വാസം പകരുന്നതാണ് വിധി.
മല്യയുടെ ബ്രിട്ടനിലെ വസതിയിലും മറ്റു സ്വത്തുക്കളിലും കടക്കാനും പരിശോധിക്കാനും നിയന്ത്രണം ഏറ്റെടുക്കാനും കോടതിയുടെ എൻഫോഴ്സ്മെൻറ് ഒാഫിസർക്ക് അനുവാദം നൽകുന്നതാണ് ഉത്തരവ്. ഇതുപയോഗിച്ച് ഇന്ത്യൻ ബാങ്കുകൾക്ക് പണം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
9000 കോടി രൂപയുടെ വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമടക്കമുള്ള കുറ്റങ്ങൾക്ക് വിചാരണ നേരിടാതെ 2016 മാർച്ചിലാണ് മല്യ ലണ്ടനിലേക്ക് കടന്നത്. ഇതേതുടർന്ന് വായ്പ നൽകിയ ബാങ്കുകളുടെ കൺസോർട്യം നിയമനടപടികളുമായി മുന്നോട്ടുവരുകയും ബ്രിട്ടനിലെ ഹൈകോടതിയെ സമീപിക്കുകയുമായിരുന്നു. ലോകമാകെയുള്ള തെൻറ ആസ്തികൾ മരവിപ്പിച്ച ഇന്ത്യൻ കോടതി ഉത്തരവിനെതിരെ വിജയ് മല്യ നൽകിയ ഹരജി ലണ്ടനിലെ ഹൈകോടതി നേരത്തെ തള്ളിയിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോർപറേഷൻ ബാങ്ക്, ഫെഡറൽ ബാങ്ക്, െഎ.ഡി.ബി.െഎ, െഎ.ഒ.സി, പി.എൻ.ബി, യൂക്കോ ബാങ്ക് തുടങ്ങി 13 ബാങ്കുകളുടെ കൺസോർട്യം നൽകിയ ഹരജിയിലാണു കർണാടകയിലെ കടം തിരിച്ചടവ് ട്രൈബ്യൂണൽ മല്യയുടെ ആസ്തികൾ മരവിപ്പിച്ചത്. ഇൗ വിധിയാണ് ലണ്ടൻ കോടതി അംഗീകരിച്ചിരിക്കുന്നത്. ഒരു ഇന്ത്യൻ കോടതിയുടെ ഇത്തരത്തിലുള്ള വിധി ബ്രിട്ടീഷ് ഹൈകോടതി പരിഗണിക്കുന്നതും അനുകൂലമായി വിധി പറയുന്നതും ഇതാദ്യമാണ്.
മല്യയുടെ ആസ്തികൾ മരവിപ്പിച്ച വിധിയിൽ ബ്രിട്ടനിലുള്ള വസ്തുവകകളും ബാങ്ക് നിക്ഷേപങ്ങളും ഉൾപ്പെടും. ഇപ്പോൾ ബ്രിട്ടനിലുള്ള മല്യയെ ഇന്ത്യയിലേക്കു തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഇടക്കാല നിർദേശം.
കഴിഞ്ഞവർഷം ഏപ്രിലിൽ അറസ്റ്റിലായ മല്യ 6,50,000 പൗണ്ടിെൻറ ജാമ്യത്തിൽ പുറത്തുകഴിയുകയാണ്. ടെവിൻ ടൗണിലുള്ള ലേഡിവാക്ക് ആൻഡ് ബ്രാബിൾ ലോഡ്ജ്, മല്യ ഇേപ്പാൾ താമസിക്കുന്ന വീട് തുടങ്ങി ഏകദേശം 10,418 കോടി രൂപയുടെ (1.145 ബില്യൺ ബ്രിട്ടീഷ് പൗണ്ട്) ആസ്തികളാണ് മല്യക്ക് ലണ്ടനിലുള്ളത്.
ബ്രിട്ടൻ ൈട്രബ്യൂണൽ കോടതിയുടെ വിധിയും 2007ലെ എൻഫോഴ്സ്മെൻറ് ആക്ടും അനുസരിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കൂടാതെ, ലോകത്തെവിടെയുമുള്ള മല്യയുടെ സ്വത്തുക്കൾ മരവിപ്പിക്കണമെന്ന ഇന്ത്യയിലെ തിരിച്ചടവ് ട്രൈബ്യൂണൽ കോടതിയുടെ വിധിയെ മറികടക്കേണ്ടതില്ലെന്നും വിധിയിൽ പറയുന്നുണ്ട്. വിധിക്കെതിരെ അപ്പീൽ പോകാനുള്ള അനുമതി തേടി മല്യയുടെ ഹരജി കോടതിയുടെ പരിഗണനയിലാണ്.
ഇന്ത്യന്‍ ബാങ്കുകള്‍ തന്നെ തട്ടിപ്പിെൻറ പ്രതീകമാക്കി മാറ്റിയെന്നും അങ്ങനെ പൊതുജനങ്ങള്‍ക്കിടയില്‍ വെറുക്കപ്പെട്ടവനായെന്നും മല്യ ഇൗയിടെ പ്രതികരിച്ചിരുന്നു. ബാങ്കുകളുമായുള്ള ഇടപാട് തീര്‍ക്കാനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.