ന്യൂഡൽഹി: യെസ് ബാങ്കിെൻറ വഴിവിട്ട വായ്പകളെക്കുറിച്ച കണക്കുമായി മുൻധനമന്ത്രി പി. ചിദംബരം. ഓരോ വർഷവും വായ്പകൊടുത്ത തുകയിൽ ശരാശരി ഇരട്ടിയോളം വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് അസ്വാഭാവികമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 2014 മാർച്ചിൽ 55,633 കോടി രൂപയാണ് ബാങ്കിെൻറ വായ്പത്തുകയിൽ കിട്ടാനുള്ള ബാക്കിയെങ്കിൽ, 2019 മാർച്ചായപ്പോൾ നാലിരട്ടി വർധിച്ച് 2,41,499 കോടിയായി. 2018ലെ വായ്പ കുടിശ്ശിക 2,03,534 കോടിയായിരുന്നെങ്കിൽ തൊട്ടു മുൻവർഷം 1,32,263 കോടി മാത്രമായിരുന്നു.
റിസർവ് ബാങ്കിെൻറയും സർക്കാറിെൻറയും മേൽനോട്ടം ഉള്ളപ്പോൾ തന്നെ വഴിവിട്ട് വായ്പ നൽകാൻ ബാങ്കിന് എങ്ങനെ കഴിഞ്ഞുവെന്ന് ചിദംബരം ചോദിച്ചു. നോട്ട് അസാധുവാക്കിയ ശേഷമുള്ള വർഷങ്ങളിൽ അസ്വാഭാവികമായി കൂടുതൽ വായ്പ നൽകി. ഇതിന് റിസർവ് ബാങ്കിലും സർക്കാറിലും ഉത്തരവാദികളായവർ ആരൊക്കെയാണെന്ന് കണ്ടെത്തണം.
പുതിയ വായ്പ നൽകുന്നതിന് യെസ് ബാങ്ക് കാണിച്ച അതിതാൽപര്യം മേൽനോട്ടം നടത്തുന്നവർ ശ്രദ്ധിച്ചില്ലെന്നു കരുതുക വയ്യ. റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണറെ 2019 മേയിൽ യെസ് ബാങ്ക് ബോർഡിൽ ഉൾപ്പെടുത്തിയ ശേഷവും മാറ്റമുണ്ടായില്ല. 2019 മാർച്ച് വരെയുള്ള ത്രൈമാസത്തിൽ യെസ് ബാങ്ക് ആദ്യമായി നഷ്ടമുണ്ടാക്കിയത് മുന്നറിയിപ്പായി കണ്ടതുമില്ല.
മോദിസർക്കാറിന് കീഴിൽ ധനകാര്യ സ്ഥാപനങ്ങളിൽ നടക്കുന്ന കെടുകാര്യസ്ഥതയുടെ ഒരു ഭാഗം മാത്രമാണ് യെസ് ബാങ്ക് പ്രതിസന്ധിയെന്ന് ചിദംബരം പറഞ്ഞു. 2019 ഡിസംബറിലെ കണക്കു പ്രകാരം ആകെ വായ്പയായ 16.88 ലക്ഷം കോടി രൂപയുടെ 15.7 ശതമാനവും ദുർബല ആസ്തിയാണ്.
2014 സാമ്പത്തിക വർഷം മുതൽ ഏഴുതിത്തള്ളിയത് മൊത്തം വായ്പയുടെ 7.3 ശതമാനം വരുന്ന 7.78 ലക്ഷം കോടിയാണ്. 2019 ഡിസംബറിൽ നിഷ്ക്രിയ ആസ്തി 9.11 ലക്ഷം കോടി രൂപയാണ്. നാലര വർഷം കൊണ്ട് 17,000 കോടി രൂപ കിട്ടാക്കടമാക്കിയ മുദ്ര പദ്ധതിയിൻ കീഴിൽ എഴുതിത്തള്ളിയത് രണ്ടുലക്ഷം കോടി രൂപയാണ്. ബാങ്ക് ക്രമക്കേടിെൻറ വലുപ്പം 2013-14ൽ 10,171 കോടിയായിരുന്നത് 2019-20ൽ 1.43 ലക്ഷം കോടിയായി വളർന്നുവെന്നും ചിദംബരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.