ന്യുഡൽഹി: കോവിഡ് കാരണം വരുമാനവും ജോലിയും കുറഞ്ഞതിൻെറ അടിസ്ഥാനത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി ഭീമൻമാരായ സൊമാറ്റോയിൽ പിരിച്ചുവിടലും സാലറി കട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് 13ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയും 50 ശതമാനം ജീവനക്കാർക്ക് ജൂൺ മുതൽ സാലറി കട്ട് ഏർപെടുത്തുകയും ചെയ്തത്.
വിവിധ കാരണങ്ങളാൽ കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിൽ കമ്പനിയുടെ ബിസിനസ് മോശമാണ്. അവയിൽ ചിലത് ഭാവിയിലും നിലനിൽക്കാനും സാധ്യതയുള്ളതിനാലാണ് പിരിച്ചുവിടലെന്ന് വെള്ളിയാഴ്ച കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ദീപീന്ദർ ഗോയൽ ജീവനക്കാരെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. തങ്ങളെക്കൊണ്ടാകും വിധം തൊഴിലാളികളെ സാമ്പത്തികമായും മാനസികമായും പിന്തുണക്കുമെന്നും ഗോയൽ പറഞ്ഞു. പുതിയ ജോലി കണ്ടെത്താൻ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ സൊമാറ്റോ സഹസ്ഥാപകനും ചീഫ് ഓപറേറ്റിങ് ഓഫിസറുമായ ഗൗരവ് ഗുപ്തയും ഫുഡ് ഡെലിവറി സി.ഇ.ഒ മോഹിത് ഗുപ്തയും അടുത്ത ദിവസങ്ങളിൽ പിരിച്ചുവിടപ്പെട്ട ജീവനക്കാരുമായി ബന്ധപ്പെടും. അടുത്ത ദിവസങ്ങളിൽ വിഡിയോ കോൾ വഴിയാകും കമ്പനി മേധാവികൾ തൊഴിലാളികളുമായി സംവദിക്കുക.
കമ്പനിയിൽ ജോലിയില്ലാതായ ആളുകൾക്ക് അടുത്ത ആറുമാസത്തേക്ക് 50 ശതമാനം ശമ്പളം നൽകും. എന്നാൽ കഴിയുന്ന അത്രയും വേഗത്തിൽ പുതിയ ജോലി കണ്ടെത്താൻ ഇവർ തങ്ങളുടെ സമയവും ഊർജ്ജവും ചെലവഴിക്കണമെന്നും സി.ഇ.ഒ പറഞ്ഞു. രാജ്യത്താകമാനം 4000ത്തിലധികം ജീവനക്കാരാണ് സൊമാറ്റോക്കുള്ളത്.
ശമ്പളം കുറഞ്ഞ ജീവനക്കാർക്ക് കുറഞ്ഞ ശതമാനം വേതനം മാത്രമാകും നഷ്ടമാകുക. ഉയർന്ന ശമ്പളമുള്ളവർക്കാണ് 50 ശതമാനം സാലറി കട്ടുള്ളത്. സാലറി കട്ടിന് സന്നദ്ധത അറിയിച്ച ജീവനക്കാരെ പുതിയ സാലറി കട്ട് വ്യവസ്ഥകൾ ബാധിക്കില്ലെന്ന് സി.ഇ.ഒ പറഞ്ഞു.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.