അന്ന് 3,91,384 കോടിയുടെ ആസ്തി; പാപ്പർ ഹരജി നൽകി യു.എസ് കമ്പനി

വാഷിങ്ടൺ: വർഷങ്ങൾ മുമ്പുവരെ 4700 കോടി ഡോളർ (3,91,384 കോടി രൂപ) ആസ്തിയുമായി നിക്ഷേപകരുടെ സ്വപ്നസ്ഥാപനമായിരുന്ന കമ്പനി എല്ലാം നഷ്ടപ്പെട്ട് സമാനതകളില്ലാത്ത കടബാധ്യതയുമായി പാപ്പർ ഹരജി നൽകി. മാസങ്ങൾക്കിടെ ഓഹരിവില 98 ശതമാനവും നഷ്ടപ്പെട്ട് എല്ലാം കൈവിട്ടുപോയ ‘വിവർക്’ കമ്പനി തിങ്കളാഴ്ചയാണ് ന്യൂജഴ്സിയിൽ പാപ്പർ ഹരജി സമർപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ കമ്പനിക്ക് 290 കോടി ഡോളർ ഹ്രസ്വകാല ബാധ്യതയും 1300 കോടി ഡോളർ ദീർഘകാല ബാധ്യതയുള്ളതുമായി റിപ്പോർട്ട് വന്നതോടെ കമ്പനി പ്രവർത്തനം നിർത്തുന്നതായി സൂചനകൾ പുറത്തുവന്നിരുന്നു. അടുത്തിടെ ആയിരക്കണക്കിന് ജീവനക്കാരെ കമ്പനി പിരിച്ചുവിടുകയും ചെയ്തു. പാപ്പർ ഹരജി നൽകിയതോടെ ‘വിവർക്’ ഓഹരികളുടെ വ്യാപാരം തിങ്കളാഴ്ച വാൾസ്ട്രീറ്റ് നിർത്തിവെച്ചു.

സ്റ്റാർട്ടപ് സ്ഥാപനമായി 2010ൽ തുടക്കമായ കമ്പനി അതിവേഗമാണ് ലോകം കീഴടക്കിയിരുന്നത്. 2008ലെ ആഗോളമാന്ദ്യത്തെ തുടർന്ന് ലോകമെങ്ങും ഒഴിഞ്ഞുകിടന്ന ഓഫീസ് ഇടങ്ങൾ, പുതിയ അവസരങ്ങൾ തേടിയ ഫ്രീലാൻസർമാർ, സ്റ്റാർട്ടപ് സ്ഥാപകർ എന്നിവ പ്രയോജനപ്പെടുത്തിയായിരുന്നു സ്ഥാപനത്തിന്റെ തുടക്കം. ആവശ്യമായവർക്ക് ഇടങ്ങളും ബിസിനസ് ഉപദേശങ്ങളും നൽകുകയെന്ന വാഗ്ദാനമായിരുന്നു കമ്പനിയുടെ ഹൈലൈറ്റ്.

യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമായി എല്ലായിടത്തും സ്വന്തം ഇടങ്ങൾ പിടിച്ച കമ്പനിയുടെ തകർച്ചയും അതിവേഗത്തിലായിരുന്നു. 2019 സെപ്റ്റംബറിൽ കമ്പനി സ്ഥാപകൻ ആദം ന്യൂമാനെ പുറത്താക്കിയതോടെ ആക്കംകൈവന്ന പ്രതിസന്ധിയാണ് വർഷങ്ങൾ കഴിഞ്ഞ് പ്രവർത്തനം നിർത്തുന്നതിൽ കലാശിച്ചത്.

Tags:    
News Summary - 3,91,384 crore in assets then; The US company filed a bankrupt petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.