ബൈജൂസിന് തിരിച്ചടി; പാപ്പരത്ത നടപടി അവസാനിപ്പിച്ച ട്രിബ്യൂണൽ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: എജ്യു-ടെക് സ്ഥാപനമായ ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ അവസാനിപ്പിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്‍റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സ്പോൺസർഷിപ്പ് കുടിശ്ശിക നൽകുന്നതിൽ ബൈജൂസും ബി.സി.സി.ഐയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാർ അംഗീകരിച്ചായിരുന്നു ട്രിബ്യൂണൽ നേരത്തെ പാപ്പരത്ത നടപടികൾ അവസാനിപ്പിച്ചത്. എന്നാൽ, ഇതിനെതിരെ ബൈജൂസിന് വായ്പ നൽകിയ യു.എസ് ധനകാര്യസ്ഥാപനങ്ങൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർ അംഗങ്ങളുമായ മൂന്നംഗ ബെഞ്ചിന്‍റേതാണ് വിധി. പാപ്പരത്ത നടപടികൾ അവസാനിപ്പിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്‍റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്പോൺസർഷിപ്പ് തുകയിൽ 158 കോടി രൂപ കുടിശിക വരുത്തിയെന്ന് കാട്ടിയായിരുന്നു നേരത്തേ ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് ബി.സി.സി.ഐ ബെംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചത്. ബി.സി.സി.ഐയുടെ വാദം അംഗീകരിച്ച ട്രൈബ്യൂണൽ ബൈജൂസിനെതിരെ പാപ്പരത്ത നടപടിക്ക് ഉത്തരവിടുകയും ചെയ്തു.

ഇതിന് പിന്നാലെ ബി.സി.സി.ഐയുമായി ബൈജൂസ് ഒത്തുതീർപ്പ് കരാറുണ്ടാക്കി. ബി.സി.സി.ഐക്കുള്ള കുടിശിക വീട്ടാമെന്ന് ബൈജൂസ് അറിയിച്ചതോടെ പാപ്പരത്ത നടപടി ആവശ്യമില്ലെന്ന് കമ്പനി ട്രിബ്യൂണൽ വിധിക്കുകയായിരുന്നു. ബി.സി.സി.ഐക്ക് 158 കോടി രൂപ ബൈജൂസ് കൈമാറുകയും ചെയ്തു.

ഈ നടപടി ചോദ്യംചെയ്ത് അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു. മറ്റ് കടക്കാര്‍ക്ക് 15,000 കോടി രൂപയോളം നല്‍കാനുള്ളപ്പോള്‍ ബൈജൂസ് ബി.സി.സി.ഐയുടെ കടം മാത്രം കൊടുത്തുതീര്‍ത്തതിന്‍റെ കാരണം നേരത്തെ ഹരജി പരിഗണിച്ചപ്പോൾ കോടതി ആരാഞ്ഞിരുന്നു. ബൈജൂസിൽ നിന്ന് ലഭിച്ച 158 കോടി രൂപ മൂന്നാംകക്ഷി അക്കൗണ്ടിലേക്ക് മാറ്റാനും (എസ്ക്രോ അക്കൗണ്ട്) കോടതി നിർദേശിച്ചിരുന്നു. തർക്കത്തിൽപ്പെടുന്ന തുക, കേസിന്മേൽ വിധി വരുകയോ ഒത്തുതീർപ്പാവുകയോ ചെയ്യുംവരെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണ് എസ്ക്രോ അക്കൗണ്ടുകൾ.

Tags:    
News Summary - Supreme Court sets aside tribunal order stopping insolvency process against Byju's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.