ബീജിങ്: തങ്ങളുടെ കോവിഡ് പ്രതിരോധ വാക്സിെൻറ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയായെന്നും മനുഷ്യരിൽ പരീക്ഷിക്കാൻ അധികൃതരുടെ അംഗീകാരം ലഭിച്ചെന്നും പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു ചൈനീസ് ബയോ-ടെക് കമ്പനി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചോങ്കിങ് ഷിഫെ എന്ന ബയോളജിക്കല്‍ പ്രൊഡക്ട്‌സ് കമ്പനിയുടെ ഒാഹരി വില ഇൗ വർഷം 256 ശതമാനമാണ് ഉയർന്നത്. അതോടെ ചെയർമാനായ ജിയാങ് റെന്‍ഷെങ് ലോക സമ്പന്നരുടെ പട്ടികയിൽ ബഹുദൂരം മുന്നിലേക്ക് കുതിക്കുകയും ചെയ്തു. നിലവിൽ ചൈനയിലെ ഏറ്റവും സമ്പന്നരായ പത്ത് പേരുടെ ലിസ്റ്റിലേക്കുള്ള കുതിപ്പിലാണ് ഇദ്ദേഹം.
കമ്പനിയുടെ 56 ശതമാനം ഉടമസ്ഥത ജിയാങ്ങിെൻറ കൈവശമാണ്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം, 66 കാരനായ ജിയാങ്ങിെൻറ സമ്പാദ്യം 19.3 ബില്യണ്‍ ഡോളറായി ഉയർന്നു. ജൂലൈയില്‍ മാത്രം ആസ്തി വർധിച്ചത് ഇരട്ടിയോളം. ഈ വര്‍ഷം മാത്രം 14.3 ബില്യണ്‍ ഡോളറാണ് നേട്ടം. ജൂണ്‍ അവസാനമായിരുന്നു വാക്സിന്‍ ക്ലിനിക്കല്‍ - ഹ്യൂമൺ ടെസ്റ്റിന് ചൈനയുടെ ഡ്രഗ് റെഗുലേറ്ററിയുടെ അംഗീകാരം ലഭിച്ചതായി കമ്പനി വെളിപ്പെടുത്തിയത്. ഇത് ആഗോളതലത്തിൽ വാർത്തയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചോങ്കിങ് ഷിഫെയുടെ ഓഹരി വിലക്ക് 80 ശതമാനം ഉയര്‍ച്ചയാണുണ്ടായത്.
കമ്പനിയിലൂടെ മറ്റൊരാൾ കൂടി ശതകോടീശ്വരനായിട്ടുണ്ട്. 8 ശതമാനം ഒാഹരിയുള്ള മുൻ ഡയറക്ടറായ വു ഗ്വാൻജിയാങ് കോവിഡ് കാലത്ത് തെൻറ സമ്പാദ്യം ഇരട്ടിയാക്കി വർധിപ്പിച്ചു (4.5 ബില്യൺ ഡോളർ). 2015ലായിരുന്നു അദ്ദേഹം ചോങ്കിങ് ഷിഫെ ഡയറക്ടർ സ്ഥാനം രാജിവെച്ചത്.
അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് നിലവിൽ വാക്സിൻ വികസിപ്പിക്കുന്നതിന് തിരക്കുപിടിച്ച രീതിയിൽ പ്രവർത്തനം നടത്തുന്നത്. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് മുമ്പായി വാക്സിൻ വിപണയിലെത്തിക്കുമെന്ന് അവകാശവാദമുന്നയിച്ചിരുന്നു. ലോകത്തെ ആദ്യത്തെ വാക്സിൻ തങ്ങളുടേതായിരിക്കുമെന്ന് റഷ്യയും അവകാശപ്പെടുകയുണ്ടായി. അതേസമയം, ആദ്യം കണ്ടെത്തുന്ന വാക്സിൻ ഫലപ്രദമായേക്കില്ലെന്നാണ് ലോകസമ്പന്നനായ ബിൽഗേറ്റ്സിെൻറ അഭിപ്രായം. ഏറ്റവും മികച്ച വാക്സിന്‍ വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.