ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും സുപരിചിതമായ രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന വൻകിട ബിസിനസ് സാമ്രാജ്യത്തെ എൻ. ചന്ദ്രശേഖരൻതന്നെ വീണ്ടും നയിക്കും. ഉപ്പുതൊട്ട് സോഫ്റ്റ്വെയർ വരെ ഉണ്ടാക്കി അതിലെല്ലാം മേധാവിത്വം നിലനിർത്തുന്ന ടാറ്റ സൺസിന്‍റെ നിലവിലെ ചെയർമാനായ ചന്ദ്രശേഖരന് അഞ്ചുവർഷംകൂടി നീട്ടിക്കൊടുക്കാൻ വെള്ളിയാഴ്ച ചേർന്ന ടാറ്റ ബോർഡ് യോഗം തീരുമാനിച്ചു.
ടാറ്റ കമ്പനികളുടെ ഭൂരിപക്ഷ ഓഹരി ഉടമയായ ടാറ്റ ട്രസ്റ്റിന്‍റെ ചെയർമാൻ രത്തൻ ടാറ്റ ചന്ദ്രശേഖരന്‍റെ പുനർ നിയമനത്തിന് പൂർണ പിന്തുണ നൽകി. അഞ്ചുവർഷത്തെ ചന്ദ്രശേഖരന്‍റെ പ്രവർത്തനങ്ങളെ ശ്ലാഘിച്ച ബോർഡ് ഐകകണ്ഠ്യേനയാണ് പുതിയ നിയമനത്തെ പിന്താങ്ങിയത്. കഴിഞ്ഞ കാലയളവിൽ ടാറ്റയെ നയിക്കാൻ കഴിഞ്ഞതുതന്നെ വലിയ നേട്ടമാണെന്നും തുടർന്നുള്ള കാലയളവിനേയും അങ്ങനെതന്നെ കാണുന്നുവെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
2016ൽ സൈറസ് മിസ്ട്രിയെ ടാറ്റ സൺസ് ചെയർമാൻ പദവിയിൽനിന്ന് കമ്പനി ബോർഡ് പെട്ടെന്ന് നീക്കം ചെയ്ത സംഭവത്തെ തുടർന്നാണ് ചന്ദ്രശേഖരൻ ടാറ്റയുടെ തലപ്പത്തേക്ക് വരുന്നത്. 2017 ജനുവരിയിലായിരുന്നു നിയമനം. ടാറ്റയുടെ ഏറ്റവും സാമ്പത്തികശേഷിയുള്ള കമ്പനിയും (13 ലക്ഷം കോടി) രാജ്യത്തെ സോഫ്റ്റ്വെയർ കുത്തകയുമായ ടി.സി.എസിന്‍റെ സി.ഇ.ഒയും എം.ഡിയും ആയിരുന്നു അതുവരെ ചന്ദ്രശേഖരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.