തിരുവനന്തപുരം: എട്ട് മാസങ്ങൾക്കുള്ളിൽ വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ചത് രണ്ട് ലക്ഷം തൊഴിലവസരങ്ങളെന്ന് മന്ത്രി പി.രാജീവ്. സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിൻ്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് പദ്ധതി കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം. 5655.69 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് കടന്നുവന്നതിനൊപ്പം 92,000 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു.മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങൾ ഈ രണ്ട് ജില്ലകളിൽ സൃഷ്ടിക്കപ്പെട്ടു.
കൊല്ലം, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പതിനയ്യായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് പതിനായിരത്തിൽ കുറവ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് ഈ ജില്ലകൾക്കും സാധിച്ചിട്ടുണ്ട്.
കൃഷി - ഭക്ഷ്യ സംസ്കരണ മേഖലയിൽ 40622 പേർക്ക് തൊഴിൽ നൽകാൻ ഈ കാലായളവിൽ സാധിച്ചു. 16129 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ 963.68 കോടി രൂപയുടെ നിക്ഷേപമുണ്ടായി. ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ സൃഷ്ടിക്കപ്പെട്ടത് 22312 തൊഴിലവസരങ്ങളാണ്. 10743 സംരംഭങ്ങളും 474 കോടി രൂപയുടെ നിക്ഷേപവും ഈ മേഖലയിൽ ഉണ്ടായി.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മേഖലയിൽ 7454 തൊഴിലവസരങ്ങളും 4014 സംരംഭങ്ങളും 241 കോടി രൂപയുടെ നിക്ഷേപവും സൃഷ്ടിക്കപ്പെട്ടു. സർവീസ് മേഖലയിൽ 7048 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 428 കോടി രൂപയുടെ നിക്ഷേപവും 16156 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. 54108 തൊഴിലുകൾ നൽകുന്നതിനായി 29428 സംരംഭങ്ങളും 1652 കോടിയുടെ നിക്ഷേപവും ഉണ്ടായി. അവശേഷിക്കുന്ന 130 ദിവസങ്ങൾക്കുള്ളിൽ കേരളത്തിൻ്റെ വ്യാവസായിക ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം സംരംഭക വർഷത്തിലൂടെ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.