ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾ എപ്പോൾ പുറത്തിറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി മാരുതി സുസുക്കി ചെയർമാൻ ആർ.സി.ഭാർഗവ. 2025ൽ മാത്രമേ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുവെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനവിപണിയിലേക്ക് കടന്നാൽ പ്രതിമാസം 10,000 കാറുകൾ വിൽക്കുകയാണ് ലക്ഷ്യം. കമ്പനിയുടെ രണ്ടാംപാദ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നടത്തിയ വിർച്വൽ കോൺഫറൻസിലാണ് പ്രതികരണം.
നിലവിലെ ഇലക്ട്രിക് വാഹനവിപണിയിൽ ബാറ്ററി, ചാർജിങ് സ്റ്റേഷനുകൾ, വൈദ്യുതി വിതരണം എന്നിവയെല്ലാം നിർവഹിക്കുന്നത് മറ്റ് കമ്പനികളാണ്. അതുകൊണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ വില മാരുതിക്ക് തീരുമാനിക്കാനാവില്ല. ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ സി.എൻ.ജി വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും മാരുതി ചെയർമാൻ അറിയിച്ചു.
പ്രതിവർഷം 20 ലക്ഷം കാറുകളാണ് മാരുതി വിൽക്കുന്നത്. ഈ വർഷം പുറത്തിറക്കിയ എല്ലാ കാറുകൾക്കും നല്ല ഡിമാൻഡുണ്ട്. നിലവിൽ ഇലക്ട്രിക് വിപണിയിലേക്ക് ഇറങ്ങാൻ ഉദ്ദേശമില്ലെന്ന് അറിയിച്ച മാരുതി അതിനെ കുറിച്ച് 2025ന് ശേഷം മാത്രമേ ചിന്തിക്കുവെന്നും വ്യക്തമാക്കി.
നേരത്തെ വാഗൺ ആറിന്‍റെ ഇലക്ട്രിക് വകഭേദം മാരുതി ഇന്ത്യയിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇത്തരം വാർത്തകൾ പൂർണമായും നിഷേധിക്കുകയാണ് മാരുതി സുസുക്കി ചെയർമാൻ. മാരുതിയുടെ പ്രധാന ഏതിരാളികളായ ടാറ്റ മോട്ടോഴ്സ് രണ്ട് ഇലക്ട്രിക് കാറുകൾ പുറത്തിറക്കിയിരുന്നു. നെക്സോൺ, ടിഗോർ കാറുകളുടെ ഇലക്ട്രിക് വകഭേദമാണ് ടാറ്റ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.