റബറിന് തിരിച്ചടി; സ്വർണം സർവകാല റെക്കോഡിൽ

ക്രൂഡ്‌ ഓയിലിന്‌ ഡിമാൻഡ് കുറയുന്നതിനൊപ്പം എണ്ണവില താഴ്ന്നത്‌ രാജ്യാന്തര മാർക്കറ്റിൽ സ്വാഭാവിക റബറിനും കൃത്രിമ റബറിനും തിരിച്ചടിയായി. ചൈനീസ്‌ ഓട്ടോമൊബൈൽ മേഖലയിലെ മാന്ദ്യം മൂലം ക്രൂഡ്‌ ഓയിൽ ഇറക്കുമതി ചുരുക്കിയത്‌ റബറിനെ പരുങ്ങലിലാക്കുകയായിരുന്നു. നടപ്പുവർഷം അവരുടെ എണ്ണ ഇറക്കുമതി മൂന്ന്‌ ശതമാനം കുറഞ്ഞു. ചൈനയിലെ പ്രതിസന്ധി മുൻനിർത്തി ഒപെക് ഉൽപാദനത്തിൽ കുറവ്‌ വരുത്താം. ഈ വർഷവും അടുത്ത വർഷവും ക്രൂഡ്‌ ഓയിലിന്‌ ഡിമാൻഡ് മങ്ങുമെന്നാണ്‌ അവരുടെ വിലയിരുത്തൽ.

സെപ്‌റ്റംബറിൽ ചൈനയുടെ ക്രൂഡ്‌ ഓയിൽ ഇറക്കുമതി നാല്‌ ശതമാനം കുറഞ്ഞു. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥയിൽ അയവിനുള്ള സാധ്യതകളും എണ്ണ വിലയെ സ്വാധീനിച്ചു. പിന്നിട്ടവാരം ഏഷ്യൻ മാർക്കറ്റിൽ ഫണ്ടുകൾ റബറിൽ ലാഭമെടുപ്പിന്‌ ഉത്സാഹിച്ചത്‌ റബർ അവധി നിരക്കുകൾ കുറയാൻ കാരണമായി. ജപ്പാനിൽ റബറിന്‌ നേരിട്ട തളർച്ച ചൈന, സിംഗപ്പൂർ മാർക്കറ്റിലേക്കും വ്യാപിച്ചു.

സ്ഥിതിഗതികൾ അനുകൂലമല്ലെന്ന തിരിച്ചറിവ്‌ മുഖ്യ റബർ ഉൽപാദന രാജ്യങ്ങളെ സ്‌റ്റോക് വിറ്റുമാറാൻ പ്രരിപ്പിക്കുന്നു. ഒക്‌ടോബർ ആദ്യം 25,400 രൂപയിൽ നീങ്ങിയ ബാങ്കോക്കിൽ വാരാവസാനം നിരക്ക്‌ 22,300 രൂപയിലാണ്‌. മുഖ്യ കയറ്റുമതി രാജ്യം നിരക്ക്‌ താഴ്‌ത്തിയത്‌ കണ്ട്‌ ഇന്തോനേഷ്യയും മലേഷ്യയും വിൽപനക്കാരായി. വിദേശത്തെ തളർച്ച മറയാക്കി ഇന്ത്യൻ വ്യവസായികൾ പതിവുപോലെ ക്വട്ടേഷൻ നിരക്ക്‌ താഴ്‌ത്തി കേരളത്തിലെ ഉൽപാദകരെ പരിഭ്രാന്തരാക്കി. രണ്ടുമാസം മുമ്പ് കിലോ 250 രൂപക്ക് റബർ ശേഖരിച്ച ടയർ കമ്പനികൾ പിന്നിട്ടവാരം 200 രൂപക്കുപോലും ഷീറ്റ്‌ സംഭരണത്തിന്‌ തയാറായില്ല.

നവരാത്രിക്കുശേഷം ഉത്തരേന്ത്യൻ വ്യാപാരികൾ സുഗന്ധവ്യഞ്ജന വിപണിയിൽ തിരിച്ചെത്തിയെങ്കിലും ദീപാവലിക്കുള്ള ചരക്ക്‌ സംഭരണത്തിന്‌ അവർ ഉത്സാഹിച്ചില്ല. അന്തർസംസ്ഥാന വാങ്ങലുകാരിൽ നിന്നുള്ള അന്വേഷണങ്ങളുടെ അഭാവം കുരുമുളക്‌ വില ക്വിൻറ്റലിന്‌ 1100 രൂപ ഇടിയാൻ കാരണമായി. ഉത്തരേന്ത്യയിലെ വൻകിട സ്‌റ്റോക്കിസ്‌റ്റുകളുടെ കരുതൽ ശേഖരത്തിൽ വിദേശ ചരക്കുള്ളതിനാൽ അവർ നിരക്ക്‌ താഴ്‌ത്തി വിറ്റഴിക്കാൻ ശ്രമം നടത്തി. കാർഷിക മേഖല പിന്നിട്ട വാരം ചരക്ക്‌ നീക്കം നിയന്ത്രിച്ചതിനാൽ പ്രതിദിന മുളക്‌ വരവ്‌ 20 ടണ്ണിൽ ഒരുങ്ങി. അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക്‌ വില ടണ്ണിന്‌ 7800 ഡോളറിലേക്ക് അടുത്തു.

ഉത്തരേന്ത്യൻ വാങ്ങലുകാർ ഉത്സവാഘോഷങ്ങളിലേക്ക് ശ്രദ്ധതിരിച്ചത്‌ ചുക്ക്‌ മാർക്കറ്റിനെയും തളർത്തി. ടെർമിനൽ വിപണിയിൽ ചുക്ക്‌ സ്‌റ്റോക് നാമമാത്രമെങ്കിലും പൊടുന്നനെ വാങ്ങലുകാർ അകന്ന്‌ സ്‌റ്റോക്കിസ്‌റ്റുകളെ അൽപം പരിഭ്രാന്തിയിലാക്കി. നേരത്തേ സീസൺ കാലയളവിൽ ഉയർന്ന വില നൽകി പച്ച ഇഞ്ചി ശേഖരിച്ചവരാണ്‌ ഓഫ്‌ സീസണിലെ ഉയർന്ന വില പ്രതീക്ഷിച്ച്‌ ചരക്ക്‌ പിടിച്ചത്‌. മീഡിയം ചുക്ക്‌ 32,500 രൂപയിലും ബെസ്‌റ്റ്‌ ചുക്ക്‌ 35,000 രൂപയായും താഴ്‌ന്നു.

ആഭരണ വിപണികളിൽ പവൻ റെക്കോഡ്‌ പ്രകടനം തുടരുകയാണ്‌. 56,760 രൂപയിൽ വിൽപനക്ക് തുടക്കം കുറിച്ച പവന്‌ മൊത്തം 1280 രൂപ വർധിച്ച്‌ ശനിയാഴ്ച സർവകാല റെക്കോഡായ 58,240 ലേക്ക് ഉയർന്നു. ഒരു ഗ്രാം സ്വർണവില 7095 രുപയിൽനിന്ന് 7280 രൂപയായി.

Tags:    
News Summary - A setback for rubber; Gold at all-time record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.