ന്യൂഡൽഹി: നടപ്പുവർഷത്തെ ജി.എസ്.ടി നഷ്ടപരിഹാര സെസിൽനിന്ന് 20,000 കോടി സംസ്ഥാനങ്ങൾക്ക് ഉടനടി വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളുടെ കടുത്ത പ്രതിഷേധം മുൻനിർത്തിയാണിത്. കേന്ദ്രം നൽകേണ്ട ജി.എസ്.ടി വിഹിതത്തിൽ കുറച്ചു തുക മാത്രം നേരത്തെ കിട്ടിയ സംസ്ഥാനങ്ങൾക്കായി 24,000 കോടി രൂപ ഒരാഴ്ചക്കുള്ളിൽ നൽകുമെന്നും കേന്ദ്ര ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഉറപ്പു നൽകി.
അതേസമയം, തർക്ക വിഷയമായ ജി.എസ്.ടി കുടിശ്ശികയുടെ കാര്യത്തിൽ തീരുമാനമായില്ല. ഇക്കാര്യം ചർച്ചചെയ്യാൻ 12ന് പ്രത്യേക യോഗം ചേരും. റിസർവ് ബാങ്ക് വഴി സംസ്ഥാനങ്ങൾക്ക് കടമെടുക്കാവുന്ന പരിധി നേരത്തെ പറഞ്ഞ 97,000 കോടി രൂപയിൽനിന്ന് 1.10 ലക്ഷം കോടിയായി ഉയർത്താമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാക്കിവരുന്ന 1.25 ലക്ഷം കോടി സംസ്ഥാനങ്ങൾ വിപണിയിൽനിന്ന് കടമെടുക്കണം. ഇതിനോട് കേരളം അടക്കം 10 സംസ്ഥാനങ്ങൾ എതിർപ്പ് ആവർത്തിച്ചു.
ജി.എസ്.ടി കൗൺസിലിലെ മറ്റു തീരുമാനങ്ങൾ:
അഞ്ചു വർഷം കൊണ്ട് അവസാനിക്കേണ്ട ജി.എസ്.ടി നഷ്ടപരിഹാര സെസ് 2022ന് അപ്പുറത്തേക്കും തുടരും.
ജനുവരി ഒന്നു മുതൽ പാനും ആധാറും ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കുമാത്രം റീഫണ്ട്.
അഞ്ചു കോടി രൂപയിൽ താഴെ വിറ്റുവരവുള്ള ചെറുകിട നികുതിദായകർ മാസം തോറും റിട്ടേൺ നൽകേണ്ട, മൂന്നു മാസത്തിലൊരിക്കൽ മതി. എന്നാൽ, മാസം തോറും ചെലാൻ അടക്കണം.
അഞ്ചു കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ളവർക്ക് ഏപ്രിൽ ഒന്നു മുതൽ ആറക്ക എച്ച്.എസ്.എൻ കോഡ്. ചെറുകിടക്കാർക്ക് നാലക്ക കോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.