ആഭ്യന്തര ഡിമാൻഡ് വർധിപ്പിക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനും സ്വർണാഭരണ, രത്ന കയറ്റുമതി വർധിപ്പിക്കുന്നതിനും ഇന്ത്യക്ക് പുതിയ സ്വർണ നയം ആവശ്യമാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്ഥാപകനും ചെയർമാനുമായ എം.പി. അഹമ്മദ്. അദ്ദേഹവുമായുള്ള അഭിമുഖത്തിൽനിന്ന്:
ഇന്ത്യയിൽ ജ്വല്ലറി ബിസിനസ് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. നേരത്തേ നികുതി വിധേയമല്ലാതെയും സർക്കാർ നിയന്ത്രണങ്ങൾ അവഗണിച്ചും കച്ചവടം ചെയ്യുന്ന ചെറുകിടക്കാരാണ് ആധിപത്യം പുലർത്തിയിരുന്നത്. ഇപ്പോൾ സംഘടിത റീട്ടെയിലർമാർ അതിവേഗം വിപണി വിഹിതം നേടുന്നു. ഈ സാഹചര്യം എങ്ങനെ വിലയിരുത്തുന്നു?
ഈ മാറ്റത്തിന്റെ ഏറ്റവും വലിയ പ്രയോജനം ഉപഭോക്താവിനാണ്. നേരത്തേ സ്വർണ പരിശുദ്ധിയെക്കുറിച്ചും ഗുണനിലവാരത്തെക്കുറിച്ചും വലിയ ആശങ്കയുണ്ടായിരുന്നു. ഇപ്പോൾ നിയമങ്ങളും നിബന്ധനകളുമെല്ലാം പാലിച്ച് സംഘടിതമായി സ്വർണാഭരണ ബിസിനസ് നടത്തുന്ന റീട്ടെയിലർമാർ ഉൽപന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പാക്കുന്നു. ‘വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ്’ നയം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യയിൽ നടപ്പാക്കി. ഞങ്ങൾക്ക് ഇന്ത്യയിൽ 162 സ്റ്റോറുകൾ ഉൾപ്പെടെ ലോകത്താകെ 301 സ്റ്റോറുകളുണ്ട്. ഏകീകൃത സ്വർണവില യഥാർഥത്തിൽ ഉപഭോക്താക്കളുടെ അവകാശമാണ്.
ഇറക്കുമതി നിയന്ത്രിക്കാൻ കർശന നിയമങ്ങളുണ്ടെങ്കിലും ആഭ്യന്തര ഡിമാൻഡ് ഓരോ വർഷവും വർധിച്ചുവരുന്നു. സ്വർണ ഇറക്കുമതി ഉദാരമാക്കുന്നതിൽ നേട്ടം?
ഇറക്കുമതി ഉദാരമാക്കുന്നത് ആഭ്യന്തര ബിസിനസ് വർധിപ്പിക്കും. ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുമ്പോഴാണ് കറന്റ് അക്കൗണ്ട് കമ്മി വർധിക്കുന്നത്. ഇക്കാര്യത്തിലും രൂപയുടെ മൂല്യം കുറയുന്നതിലും സർക്കാറിന് ആശങ്കയുണ്ട്. ഇറക്കുമതി കുറക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് സ്വർണ ഇറക്കുമതി തീരുവ വർധിപ്പിക്കുന്നത്. എന്നാൽ, പ്രായോഗികമായി ഈ നിഗമനം തെറ്റാണ്. കാരണം, ഇറക്കുമതിയിൽ ചെറിയ കുറവുവന്നത് കള്ളക്കടത്ത് വർധിച്ചതുകൊണ്ടാണ്. ഇറക്കുമതി തീരുവ കുറച്ചാൽ സർക്കാറിനുണ്ടാകുന്ന വരുമാനക്കുറവ് ഉയർന്ന തോതിലുള്ള ആഭരണ കയറ്റുമതിയിലൂടെയും ആഭ്യന്തര വിൽപന വർധനവിലൂടെയും നികത്താനാവും. യു.എസ്.എ, യു.കെ, ചൈന, സിംഗപ്പൂർ, മലേഷ്യ, ജി.സി.സി തുടങ്ങിയ രാജ്യങ്ങളിൽ സ്വർണ ഇറക്കുമതി തീരുവയില്ല.
ഇറക്കുമതി തീരുവ വർധിപ്പിച്ചപ്പോൾ കള്ളക്കടത്ത് വലിയ തോതിൽ വർധിച്ചു. തീരുവ വർധന കള്ളക്കടത്തുകാരുടെ ലാഭം വർധിപ്പിച്ചുവെന്നല്ലാതെ സമ്പദ്ഘടനക്ക് ഒരു ഗുണവും ചെയ്തിട്ടില്ല.
അടുത്ത കേന്ദ്ര ബജറ്റിൽ ജ്വല്ലറി വ്യവസായത്തിന്റെ പ്രതീക്ഷകൾ?
പ്രതീക്ഷ മാത്രമല്ല, ആശങ്കകളുമുണ്ട്. തീരുവകളും നികുതികളും കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണം. സ്വർണത്തിന്റെ ഉയർന്ന ഇറക്കുമതി തീരുവ ജ്വല്ലറി റീട്ടെയിൽ രംഗത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ്. സ്വർണത്തിന്റെ ഉയർന്ന നികുതിയാണ് വലിയ തോതിലുള്ള നികുതി വെട്ടിപ്പിനെ പ്രോത്സാഹിപ്പിക്കുന്നത്. യു.എ.ഇ, സ്വിറ്റ്സർലൻഡ്, ഹോങ്കോങ് തുടങ്ങിയ മുൻനിര സ്വർണവിപണികളോട് മത്സരിക്കാൻ ഇന്ത്യയിലെ സ്വർണ വ്യാപാര മേഖലക്ക് ആഭരണ കയറ്റുമതിക്കുള്ള പ്രോത്സാഹനങ്ങൾ സർക്കാറിൽനിന്ന് ലഭിക്കണം.
ആഗോളമാന്ദ്യം ഉണ്ടായാൽ ആഭരണ കയറ്റുമതിയെ എങ്ങനെ ബാധിക്കും?
ഈ ഘട്ടത്തിൽ ആഗോളമാന്ദ്യത്തിന്റെ സാധ്യത കാണുന്നില്ല. ഒരുപക്ഷേ ഉണ്ടായേക്കാം. പക്ഷേ, അതും താൽക്കാലികമായിരിക്കും. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സർക്കാറുകളും സ്വർണത്തെ ഉയർന്ന മൂല്യമുള്ള നിക്ഷേപമായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ സാമ്പത്തികമാന്ദ്യത്തെക്കുറിച്ച് ആശങ്കയില്ല.
ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏഴു ശതമാനം വളർച്ച നേടുമെന്നാണ് അനുമാനം. ഈ വർഷം രത്ന, സ്വർണാഭരണ വ്യവസായത്തിന്റെ വളർച്ച നിരക്ക് എത്ര? ഇതിൽനിന്ന് നിങ്ങളുടെ ബിസിനസിന് എങ്ങനെ പ്രയോജനം ലഭിക്കും?
തീർച്ചയായും, ജി.ഡി.പി വളർച്ച ബിസിനസിന് പ്രയോജനം ചെയ്യും. ചടുലമായ ബിസിനസ് സാധ്യതകൾ അത് തുറന്നിടും. വലിയ വിറ്റുവരവുണ്ടാക്കുന്ന ഉയർന്ന വിൽപന, വർധിച്ച വരുമാനം എന്നിവയിലൂടെ ബിസിനസ് വളരുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഈവർഷം, രാജ്യത്തെ എല്ലാ മാനുഫാക്ചറിങ് ഹബ്ബുകളിലും ആഭരണ നിർമാണ ശാലകൾ തുടങ്ങുകയും എല്ലാ സംസ്ഥാനങ്ങളിലേക്കും ഞങ്ങളുടെ റീട്ടെയിൽ സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.