മുംബൈ: ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ നാലാം ദിവസത്തിലും നഷ്ടം നേരിട്ടു. ബുധനാഴ്ച ശക്തമായ വിൽപന സമ്മർദമാണ് അനുഭവപ്പെട്ടത്. സെൻസെക്സ് 927 പോയന്റ് ഇടിഞ്ഞ് 59,744.98ലും നിഫ്റ്റി 272.40 പോയന്റ് ഇടിഞ്ഞ് 17,554.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്കാപ് സൂചിക 1.16 ശതമാനവും സ്മാൾകാപ് സൂചിക 1.09 ശതമാനവും ഇടിഞ്ഞു.
അദാനിയുടെ ഓഹരികൾ കൂപ്പുകുത്തി. 51,294.04 കോടി രൂപയുടെ മൂല്യശോഷണമാണ് ബുധനാഴ്ച അദാനി ഓഹരികളിലുണ്ടായത്.
അദാനി എന്റർപ്രൈസസ് 10.43 ശതമാനം ഇടിഞ്ഞു. അദാനി പോർട്സ് (6.25), അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ് (5), അദാനി ഗ്രീൻ എനർജി, അദാനി വിൽമർ (4.99) ശതമാനം വീതം ഇടിഞ്ഞു. അദാനിക്ക് വൻ നിക്ഷേപമുള്ള അംബുജ സിമന്റ് (4.92), എൻ.ഡി.ടി.വി (3.97) എന്നിവയും നഷ്ടം നേരിട്ടു. ഓഹരി വിലയിൽ കൃത്രിമം നടത്തിയതായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം അദാനി ഓഹരികൾക്ക് തിരിച്ചടിയാണ്.
അദാനി ഓഹരികളുടെ മൂല്യത്തിൽ 70 ശതമാനത്തിന്റെ കുറവാണുണ്ടായത്. 25 ലക്ഷം കോടി രൂപയുണ്ടായിരുന്ന മൂല്യം 7.55 കോടിയായി കുറഞ്ഞത് ലോക സമ്പന്നരുടെ പട്ടികയിൽ ഗൗതം അദാനിയെ പിറകോട്ട് തള്ളി. ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപകർക്ക് കഴിഞ്ഞ നാല് ദിവസങ്ങളിലായി 6.97 ലക്ഷം കോടിയുടെ മൂല്യനഷ്ടമാണുണ്ടായത്.
ബുധനാഴ്ച എല്ലാ സെക്ടറുകളിലും വിൽപന സമ്മർദമുണ്ടായി. യൂട്ടിലിറ്റി (2.26 ശതമാനം), കമ്മോഡിറ്റി (2.15), വൈദ്യുതി (2.09), റിയാലിറ്റി (1.80), ധനകാര്യ സേവനം (1.71), ലോഹം (1.65), ഊർജം (1.53) എന്നിങ്ങനെയായിരുന്നു ഇടിവ്.
അതേ സമയം അമേരിക്കയും റഷ്യയും ശീതയുദ്ധം പുനരാരംഭിച്ചതായി റിപ്പോർട്ട് വന്നത് ആഗോളതലത്തിൽ ഓഹരി വിപണികളെ തളർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.